ADVERTISEMENT

ചെന്നൈ ∙ സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ് ധർമരാജ് റസാലത്തെ തിരഞ്ഞെടുത്തത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ബിഷപ്പുമാരുടെയും വൈദികരുടെയും വിരമിക്കൽ പ്രായം ഉയർത്തിയുള്ള ഭരണഘടനാ ഭേദഗതിയും അസാധുവാക്കി. 4 മാസത്തിനകം പുതിയ തിരഞ്ഞെടുപ്പു നടത്താനും ജസ്റ്റിസ് സെന്തിൽ രാമമൂർത്തി ഉത്തരവിട്ടു. 

ഭരണഘടനാ ഭേദഗതി ക്രമവിരുദ്ധമാണെന്നാരോപിച്ച് ദക്ഷിണ കേരള മഹായിടവക മുൻ സെക്രട്ടറി ഡി.ലോറൻസാണു ഹൈക്കോടതിയെ സമീപിച്ചത്. സഭാ ഭരണഘടന പ്രകാരം ബിഷപ്പുമാരും വൈദികരും 67–ാം വയസ്സിൽ വിരമിക്കണമെന്നായിരുന്നു ചട്ടം. എന്നാൽ, ബിഷപ് റസാലം 2022 ൽ വിരമിക്കൽ പ്രായം 70 ആക്കി ഉയർത്തി ഭരണഘടന ഭേദഗതി ചെയ്തു. ഇതാണു കോടതി അസാധുവാക്കിയത്. അതേസമയം, കർണാടകയിലെ ഹൂബ്ലിയിൽ നടന്ന സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് സിനഡ് അംഗങ്ങൾക്ക‌ു തുടരാമെന്നും വ്യക്തമാക്കി.

പുതിയ ഉത്തരവിനെ തുടർന്നു കൊല്ലം – കൊട്ടാരക്കര, മദ്രാസ്, കൊച്ചിൻ അടക്കമുള്ള ഭദ്രാസനങ്ങളിലെ 9 ബിഷപ്പുമാർക്കു സ്ഥാനമൊഴിയേണ്ടി വരും. വിധിയോടെ മോഡറേറ്ററുടെ ചുമതല ഡപ്യൂട്ടി മോഡറേറ്റർ ബിഷപ് കെ.റൂബൻ മാർക്കിനു കൈമാറാൻ തീരുമാനമായി.  

പ്രക്ഷോഭത്തിന് ജനകീയ സമിതി

തിരുവനന്തപുരം ∙ സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് കോടതി നീക്കിയ ബിഷപ് ധർമരാജ് റസാലം സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി എതിർപക്ഷമായ മഹായിടവക ജനകീയ സമിതി. കോടതി വിധി ജനങ്ങളിലെത്തിക്കാൻ ഡിസ്ട്രിക്ട് തലങ്ങളിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്ഥാനമാനങ്ങൾ ഉപയോഗിച്ച് അട്ടിമറിക്കാനാണ് വിരമിക്കൽ പ്രായം വർധിപ്പിച്ചതെന്നും ജനകീയ സമിതി ആരോപിച്ചു.

English Summary: CSI Moderator Bishop Dharmaraj Rasalam election cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com