ADVERTISEMENT

അന്തരിച്ച അരുൺകുമാർ സിൻഹയെ സഹപ്രവർത്തകനും മുൻ ഡിജിപിയുമായ ജേക്കബ് പുന്നൂസ് അനുസ്മരിക്കുന്നു

 

‘മൃദു ഭാവേ ദൃഢ കൃത്യേ’; കേരള പൊലീസിന്റെ ഈ ആപ്തവാക്യത്തിന്റെ ആൾരൂപമായിരുന്നു അരുൺകുമാർ സിൻഹ. മൃദുവായി സംസാരിക്കുകയും സൗമ്യമായി ഇടപെടുകയും ചെയ്യുന്നതിനൊപ്പം എത്ര കഠിനമായ ഔദ്യോഗിക കർത്തവ്യവും ദൃഢമനസ്സോടെ ചെയ്യുന്ന ഉദ്യോഗസ്ഥൻ. 

ജാർഖണ്ഡിൽനിന്ന് 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായി കേരളത്തിലെത്തിയ സിൻഹ, മികവോടെ മലയാളം ‌കൈകാര്യം ചെയ്തു. ഞാൻ കോഴിക്കോട് ഡിഐജി ആയിരുന്നപ്പോഴാണ്, 1989ൽ വയനാട്ടിൽ മാനന്തവാടി എഎസ്പിയായി അദ്ദേഹം നിയമിക്കപ്പെട്ടത്. അന്നുതുടങ്ങി അടുത്ത ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. കേരള പൊലീസിന് വളരെ വിലപ്പെട്ട സംഭാവനകൾ, പ്രത്യേകിച്ച് ഇന്റലിജൻസ് രംഗത്ത്, സിൻഹ നൽകിയിട്ടുണ്ട്. 

കാൽ നൂറ്റാണ്ട് മുൻപ്, കേരളം തീവ്രവാദഭീഷണി നേരിട്ടുതുടങ്ങിയ കാലത്തുതന്നെ അതിനെക്കുറിച്ചു പഠിച്ചു പ്രതിരോധിക്കാൻ കേരള പൊലീസിനെ പ്രാപ്തമാക്കിയതിനു പിന്നിൽ സിൻഹയുടെ പ്രായത്തിൽ കവിഞ്ഞ ശ്രദ്ധയുണ്ടായിരുന്നു. കേരളത്തിൽ ചില സിനിമാതിയറ്ററുകളിൽ സിഗരറ്റ് ബോംബ് സ്ഫോടനങ്ങളുണ്ടായപ്പോൾ തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ചു പഠിച്ചു മേലുദ്യോഗസ്ഥർക്കു കൃത്യമായ ഉപദേശങ്ങളും സഹായങ്ങളും നൽകി ആ പ്രതികളെ അറസ്റ്റ് ചെയ്തത് അന്ന് എസ്പിയായിരുന്ന സിൻഹയാണ്. കടലുണ്ടി പൈപ്പ് ബോംബ് കേസ് അടക്കം ഒട്ടേറെ കേസുകളിൽ അദ്ദേഹം സമാനമായ സഹായം പൊലീസിനു നൽകി. എന്നാൽ, ചെയ്ത കാര്യങ്ങളുടെ ക്രെഡിറ്റ് ആഗ്രഹിക്കുകയോ അതിനുവേണ്ടി മത്സരിക്കുകയോ ചെയ്തില്ല. 

2009 ലാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ചുമതലയേറ്റെടുത്ത് അദ്ദേഹം ഗുജറാത്തിലേക്കു പോയത്. പാക്കിസ്ഥാനുമായി ഏതാണ്ട് 520 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ ബിഎസ്എഫിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നു. ഗാന്ധിനഗറിൽ സബർമതി നദീതീരത്തെ 200 ഏക്കറോളം വിസ്തൃതിയുള്ള ബിഎസ്എഫ് ആസ്ഥാനം ഇന്ത്യയിലെ തന്നെ മികച്ച ബിഎസ്എഫ് ക്യാംപസുകളിലൊന്നാക്കി അദ്ദേഹം മാറ്റി. 

കേരള പൊലീസിന്റെ കടലോര സുരക്ഷാപരിഷ്കരണവുമായി ബന്ധപ്പെട്ട് 2012 ൽ അഹമ്മദാബാദിൽ എത്തിയ എനിക്ക് അദ്ദേഹം അവിടെ നടത്തിയ കാര്യങ്ങളെല്ലാം കാണാൻ അവസരം ലഭിച്ചു. അക്കാലത്തു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചു. പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) മേധാവിയായി മോദി കണ്ടെത്തിയത് അരുൺകുമാർ സിൻഹയെയാണ്. 9 വർഷത്തോളം ആ ചുമതല സ്തുത്യർഹമായി നിറവേറ്റി. 

വിദേശത്തുൾപ്പെടെ വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് ആധുനിക സങ്കേതങ്ങളെക്കുറിച്ചു പഠിച്ചു സുരക്ഷാ സംവിധാനത്തെ നവീകരിച്ചു. നല്ലൊരു ഫൊട്ടോഗ്രഫർ കൂടിയായിരുന്നു. പകർത്തിയ ചിത്രങ്ങൾ അടുത്ത സുഹൃത്തുക്കൾക്ക് അയയ്ക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. എന്നും എപ്പോഴും കഴിയുന്നതും എല്ലാവരെയും സഹായിക്കാൻ ശ്രമിച്ച അദ്ദേഹം ശത്രുക്കളില്ലാത്ത മനുഷ്യനായിരുന്നു. എല്ലാ സഹപ്രവർത്തകരോടും വ്യക്തിബന്ധം പുലർത്തിയ അദ്ദേഹത്തിന്റെ വേർപാട് രാജ്യത്തിനും കേരള പൊലീസിനും തീരാനഷ്ടമാണ്.

English Summary: Former DGP Jacob Punnoose remembers late Arun Kumar Sinha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com