ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാന ഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു കാര്യവുമില്ലെന്നും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം ഭരണം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.

പിണറായി വിജയനല്ല, മറ്റൊരു സംഘമാണ് കേരളം ഭരിക്കുന്നത്. പൊലീസ് ഉൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങൾ ഇവർ ഹൈജാക്ക് ചെയ്തിരിക്കുന്നു. മുന്നാക്ക വികസന കോർപറേഷൻ ചെയർമാനെയും ഡയറക്ടർ ബോർഡും മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് മാറ്റിയത് അദ്ദേഹം അറിഞ്ഞില്ലെന്നത് അദ്ഭുതമാണ്. സ്വന്തം വകുപ്പിലെ കോർപറേഷൻ പുനഃസംഘടിപ്പിച്ചിട്ടും അറിഞ്ഞില്ലെങ്കിൽ പിന്നെ മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്?

പുതുപ്പള്ളിയിലെ 8 പഞ്ചായത്തുകളിൽ മുഖ്യമന്ത്രി പ്രസംഗിച്ചിട്ടും മാസപ്പടി ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച 7 ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. 7 മാസമായി മാധ്യമ പ്രവർത്തകരെയും കാണാറില്ല. ഒരിക്കൽ അടപ്പിച്ച മുഖ്യമന്ത്രിയുടെ തിരുവാ തുറപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുൻപ് കോന്നി പിടിച്ചെടുത്തപ്പോൾ വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ഇത്രയും വലിയ പരാജയമുണ്ടായിട്ടും ഒന്നും മിണ്ടുന്നില്ല. മാസപ്പടി ഉൾപ്പെടെ അഴിമതി ആരോപണങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പെട്ടുപോകുമെന്ന പേടിയിലാണ് മുഖ്യമന്ത്രി. അഴിമതിക്ക് എതിരായ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകും.

സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കമാണ് പുതുപ്പള്ളി ഫലം. ബംഗാളിലെ അനുഭവം കേരളത്തിലെ സിപിഎമ്മിനുണ്ടാകുമെന്ന് പാർട്ടിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ കരുതുന്നുണ്ട്. ചോദ്യം ചെയ്യാനോ ചൂണ്ടുവിരൽ ഉയർത്താനോ തെറ്റായ വഴികളിലൂടെ പിണറായി വിജയൻ പോകുന്നത് ചൂണ്ടിക്കാട്ടാനോ കഴിയാത്ത ഭീരുക്കളുടെ കൂട്ടമായി സിപിഎം. സർക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്ന് സ്ഥാനാർഥിയെ അവതരിപ്പിച്ചു പറഞ്ഞ എം.വി.ഗോവിന്ദൻ പിന്നീട് മാറ്റിപ്പറഞ്ഞു. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാർട്ടി സെക്രട്ടറി അധഃപതിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

സിപിഎമ്മുകാരും ബിജെപിക്കാരും യുഡിഎഫിന് വോട്ട് ചെയ്തു

‘അയ്യായിരം വോട്ട് ബിജെപി കോൺഗ്രസിന് വിറ്റെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. അത് ശരിയാണ്. ഞങ്ങൾ കുറെ യുഡിഎഫ് നേതാക്കൾ ചേർന്ന് കെ.സുരേന്ദ്രനോട് അയ്യായിരം വോട്ട് ആവശ്യപ്പെട്ടു. അദ്ദേഹം 5000 തന്നു. അതേ വാഹനത്തിൽ എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനോട് പതിനായിരം വോട്ട് ആവശ്യപ്പെട്ടു. അദ്ദേഹം 12,000 തന്നു. അങ്ങനെ 17000 വോട്ടായി. എന്നിട്ടും ഭൂരിപക്ഷത്തിൽ ബാക്കി ഇരുപതിനായിരമുണ്ട്. ബിജെപിക്കാരും ഉത്തമരായ കമ്യൂണിസ്റ്റുകാരുമൊക്കെ ചാണ്ടി ഉമ്മന് വോട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് താക്കീത് നൽകാനാണ് സിപിഎമ്മുകാർ യുഡിഎഫിന് വോട്ട് ചെയ്തത്.’ – വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

English Summary: VD Satheesan's Reaction On Puthuppally Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com