ADVERTISEMENT

തിരുവനന്തപുരം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചരിത്രവിജയം സമ്മാനിച്ച ഊർജവുമായി കോൺഗ്രസും യുഡിഎഫും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടക്കുന്നു. കെപിസിസി ഭാരവാഹികളുടെ യോഗം 12നും യുഡിഎഫ് യോഗം 13നും ചേരും. നവംബറിനകം ബൂത്തുതല യുഡിഎഫ് കമ്മിറ്റികൾ രൂപീകരിക്കാനാണു ലക്ഷ്യമിടുന്നത്. മുസ്‍ലിം ലീഗ് ഒരു സീറ്റ് അധികം ചോദിച്ചിട്ടുണ്ടെങ്കിലും സീറ്റുകളുടെ കാര്യത്തിൽ തൽസ്ഥിതി തുടരും.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹതരംഗമാണു ഭൂരിപക്ഷത്തിൽ നല്ലൊരു പങ്കു സമ്മാനിച്ചതെന്നും ബാക്കി ഭരണവിരുദ്ധ വികാരത്തിന്റെ സംഭാവനയാണെന്നും കോൺഗ്രസിനറിയാം. പുതുപ്പള്ളിയിലെ സംഘടനാ സംവിധാനം ദുർബലമാണെന്നു വിജയത്തിനു ശേഷവും സമ്മതിക്കുന്ന പാർട്ടി, മറിച്ചായിരുന്നെങ്കിൽ വിജയം ഇതിലും വലുതാകുമായിരുന്നെന്നു തിരിച്ചറിയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു കടക്കുമ്പോൾ സംസ്ഥാനത്താകെ സംഘടനാ സംവിധാനം ഇങ്ങനെ പോരെന്ന ബോധ്യവുമുണ്ട്. ഇതിനു മരുന്നായി നിർദേശിച്ച സിയുസി (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) രൂപീകരണം നാലിലൊന്നു മാത്രമേ പൂർത്തിയായിട്ടുള്ളൂ. സെമി കേഡർ പ്രഖ്യാപനത്തോടും നീതി പുലർത്താനായില്ല. മണ്ഡലം പുനഃസംഘടന പാതിവഴിയിലാണ്. പുനഃസംഘടന തുടരണോ, ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ മാറ്റിവയ്ക്കണോ എന്നു ഭാരവാഹിയോഗത്തിൽ തീരുമാനിക്കും. ലോക്സഭാ മണ്ഡലങ്ങളിൽ ചുമതലക്കാരെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം മന്ദഗതിയിലാണ്.

കെ.സുധാകരൻ ഒഴികെ കോൺഗ്രസിൽ സിറ്റിങ് എംപിമാരെല്ലാം മത്സരിക്കാനാണു സാധ്യതയെങ്കിലും ചില മണ്ഡലംമാറ്റങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. കെ.മുരളീധരൻ മത്സര‌സന്നദ്ധത തള്ളാതെയും കൊള്ളാതെയും നിൽക്കുന്നു. സുധാകരന്റെ സ്വീകാര്യതയുള്ള പകരക്കാരനെ കണ്ണൂരിൽ കണ്ടുവയ്ക്കാനായിട്ടില്ല. കഴിഞ്ഞതവണ കൈവിട്ട ആലപ്പുഴയിൽ ആരു വേണമെന്ന ചർച്ച തുടങ്ങിയിട്ടേയുള്ളൂ. കെ.സി.വേണുഗോപാലിനെ ആവശ്യപ്പെടുന്നവരുണ്ടെങ്കിലും രാജ്യസഭാംഗമായ വേണുഗോപാൽ മനസ്സു തുറന്നിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണുവച്ചിരിക്കുന്ന ചില എംപിമാരുണ്ടെങ്കിലും ദേശീയതലത്തിലെ നിർണായക തിരഞ്ഞെടുപ്പായതിനാൽ ഇളവു കിട്ടാൻ സാധ്യത കുറവാണ്. അല്ലെങ്കിൽ വിജയസാധ്യത പരിശോധിച്ച് ഹൈക്കമാൻഡിന്റെ തീർപ്പ് വരണം. ഇതിനുള്ള സർവേ കേരളത്തിൽ അന്തിമഘട്ടത്തിലാണ്. ‘ഇന്ത്യ’ മുന്നണി രൂപീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ രാഹുൽ ഗാന്ധി വരുമോ എന്നതിലും ‘സസ്പെൻസ്’ ഉണ്ട്.

പുതുപ്പള്ളിയിൽ തെളിഞ്ഞ ഭരണവിരുദ്ധ വികാരം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു നീളുന്ന ട്രെൻഡ് ആയി മാറുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കൊപ്പം, ഈ വികാരം നിലനിർത്താനുള്ള സമരപരിപാടികളും നേതൃയോഗങ്ങൾ ചർച്ച ചെയ്യും. ‘ഇന്ത്യ’ മുന്നണിയിൽ കോൺഗ്രസിന്റെ അഭിമാനമുയർത്തേണ്ട ഉത്തരവാദിത്തം കൂടി കേരളത്തിൽ യുഡിഎഫിനുണ്ട്. അതേ മുന്നണിയിൽ അംഗമായ ഇടതുപക്ഷമാണ് ഇവിടെ പ്രധാന എതിരാളിയെന്നതിനാൽ പ്രചാരണരംഗത്തു സൂക്ഷ്മതയും വേണ്ടിവരും.

English Summary: UDF to start preparations for Loksabha Elections 2024 with the energy of landslide victory in Puthuppally byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com