തിരുവനന്തപുരം ∙ ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും നടന്നുവെന്ന സംശയത്തെ തുടർന്ന് വിഎസ്എസ്‌സി ഫയർമാൻ പരീക്ഷയുടെ തുടർനടപടികൾ മരവിപ്പിച്ചു. വിഎസ്എസ്‌സി ടെക്നിഷ്യൻ പരീക്ഷയിൽ ക്രമക്കേട് നടത്തിയ ഹരിയാന സംഘം ഫയർമാൻ പരീക്ഷയിലും കയറിപ്പറ്റിയിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണിത്. ഫയർമാൻ തസ്തികയുടെ കായികക്ഷമത പരീക്ഷ മാറ്റിവച്ചതായി അധികൃതർ ഉദ്യോഗാർഥികളെ അറിയിച്ചു. 

ഈ മാസം 4 മുതൽ 8 വരെ നടക്കേണ്ടിയിരുന്ന ടെസ്റ്റ് ആണു മാറ്റിയത്. എഴുത്തുപരീക്ഷ പാസായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 408 പേരിൽ ക്രമക്കേടിലൂടെ കയറിയവരും ഉണ്ടെന്നാണു സംശയം. പൊലീസ് അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചാൽ പരീക്ഷ റദ്ദാക്കാനാണു സാധ്യത.

അതേസമയം മാസങ്ങളായി പഠിച്ചു പരീക്ഷ എഴുതി കായികക്ഷമത പരീക്ഷയ്ക്കു തയാറെടുത്ത ഉദ്യോഗാർഥികൾക്ക് ഇതു കനത്ത തിരിച്ചടിയായി. പരീക്ഷ റദ്ദാക്കുന്നതിനു പകരം ക്രമക്കേട് നടത്തിയവരെ കണ്ടെത്തി ലിസ്റ്റിൽനിന്ന് ഒഴിവാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 8 ഒഴിവിലേക്കായി വീണ്ടുമൊരു പരീക്ഷ നടത്തി ലക്ഷങ്ങൾ പാഴാക്കുന്നതിനു പകരം സ്ക്രീനിങ് ടെസ്റ്റ് നടത്തി ചുരുക്കപ്പട്ടിക പുനഃപ്രസിദ്ധീകരിക്കുകയാണു വേണ്ടതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. പരീക്ഷയിലെ ഹൈടെക് കോപ്പിയടി തടയാൻ പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ വിഎസ്എസ്‌സി അധികൃതർ നടപടി ആരംഭിച്ചു.

രാജ്യവ്യാപകമായി വിഎസ്എസ്‌സി നടത്തിയ ടെക്നിഷ്യൻ (ഇലക്ട്രിഷ്യൻ ഗ്രേഡ് ബി) പരീക്ഷയിലായിരുന്നു ക്രമക്കേട്. തുടർന്നു പരീക്ഷ റദ്ദാക്കിയിരുന്നു. പട്ടം സെന്റ് മേരീസ് സ്കൂളിലും വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലും പരീക്ഷ എഴുതിയ ഹരിയാനക്കാരാണു രഹസ്യവിവരത്തെ തുടർന്നു പിടിയിലായത്. പിന്നീട് ഹരിയാന സ്വദേശികളായ ലഖ്‌വിന്ദർ, ദീപക് ഷിയോഖണ്ഡ്, ഉദ്യോഗാർഥി ഋഷിപാൽ എന്നിവരെ ജിൻഡ് ജില്ലയിൽനിന്നു കേരള പൊലീസ് അറസ്റ്റ് ചെയ്തു.

ദീപക് ആണ് മുഖ്യ സൂത്രധാരൻ. ഇയാളാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചു കോപ്പിയടിക്കാൻ ഉദ്യോഗാർഥികൾക്കു പരിശീലനം നൽകിയതെന്നും ഓൺലൈൻ പരീക്ഷാ പരിശീലനകേന്ദ്രങ്ങളുമായി പ്രതിക്കു ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളിൽ പത്തോളം പേർ ആൾമാറാട്ടം നടത്തി കോപ്പിയടിച്ചു പരീക്ഷ എഴുതിയെന്നാണു പിടിയിലായ പ്രതികളുടെ വെളിപ്പെടുത്തൽ. കോപ്പിയടി നടത്തിയ ഹരിയാന സംഘത്തിലുള്ളവർ ഒഡീഷയിലും പരീക്ഷാ ക്രമക്കേട് നടത്തിയതായി സ്ഥിരീകരിച്ചു.

കേരള പൊലീസ് വീണ്ടും ഹരിയാനയിലേക്ക്

പരീക്ഷാ ക്രമക്കേട് കേസിൽ ഗൂഢാലോചന നടത്തിയവരെ പിടികൂടാൻ കേരള പൊലീസ് വീണ്ടും ഹരിയാനയിലേക്ക്. തട്ടിപ്പിനു സാമ്പത്തിക സഹായം നൽകിയവരെയടക്കം പിടികൂടുകയാണു ലക്ഷ്യം. ഡൽഹിയിലും അന്വേഷണം നടത്തും. 8 അംഗ സംഘത്തെ ഉടൻ നിയോഗിക്കുമെന്നും മുൻകാലങ്ങളിൽ നടന്ന പരീക്ഷാ ക്രമക്കേട് അടക്കം അന്വേഷിക്കുമെന്നും കമ്മിഷണർ സി.നാഗരാജു, ഡിസിപി പി.നിഥിൻരാജ് എന്നിവർ പറഞ്ഞു. നിലവിൽ പൊലീസിന്റെ രഹസ്യാന്വേഷണ സംഘം ഹരിയാനയിൽ ക്യാംപ് ചെയ്തു പ്രതികളുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചു വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

English Summary: VSSC exam fraud