ADVERTISEMENT

തിരുവനന്തപുരം ∙ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന് ദിവ്യത്വമുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മകളുടെ കമ്പനിയുമായി ബന്ധപ്പെട്ടു മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 

കരാറിൽ ഏർപ്പെട്ട കമ്പനികൾക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും പൊതുസേവകൻ വഴിവിട്ട സഹായം ചെയ്തതായി ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിലോ ബോർഡിന്റെ ഉത്തരവിലോ ഉണ്ടോ ? സംസ്ഥാന വ്യവസായ വികസന കോർപറേഷന് (കെഎസ്ഐഡിസി) സിഎംആർഎലിൽ മാത്രമല്ല, നാൽപതോളം കമ്പനികളിൽ ഓഹരിയുണ്ട്. സിഎംആർഎലിൽ നിക്ഷേപം നടത്തിയത് 32 വർഷംമുൻപ് 1991 ലാണ്. അന്നു താനോ ഈ മന്ത്രിസഭയിലെ അംഗങ്ങളോ സർക്കാരിന്റെ ഭാഗമായിരുന്നില്ല. സിഎംആർഎലിന്റെ നയപരമായ കാര്യങ്ങളിൽ കെഎസ്ഐഡിസിക്കു പങ്കില്ല. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസടുക്കണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ഈ ആരോപണം ശക്തമായി നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു സ്വകാര്യ കമ്പനിക്കും ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്കും കാവൽ നിൽക്കുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചെന്നു കോൺഗ്രസിലെ മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനി ഒരു സേവനവും നൽകിയിട്ടില്ലെന്നു സിആർഎംഎലിന്റെ ഉടമ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. 

‘‘ടി.വീണ കേരളത്തിൽ അധികാരത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന ആളുടെ മകളാണ്, അതുകൊണ്ടാണ് ഈ ഇടപാട് നടത്തിയതെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകളിലുണ്ട്. ഈ പണം ഇന്നു മുഖ്യമന്ത്രിയുടെ മടിയിലോ കുടുംബത്തിന്റെ അലമാരയിലോ ബാങ്ക് അക്കൗണ്ടിലോ കിടക്കുകയാണ്’’. 

കഴിഞ്ഞ വർഷം ജൂൺ 28ന് അടിയന്തര പ്രമേയത്തിൽ താൻ പ്രസംഗിച്ചു. അതിനു ശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ, മകളെക്കുറിച്ചു പറഞ്ഞാൽ താൻ അങ്ങ് കിടുങ്ങിപ്പോകുമെന്നു കരുതിയോ എന്നു ചോദിച്ചു. പ്രസംഗത്തിൽ എവിടെയും അദ്ദേഹത്തിന്റെ മകളെ പറഞ്ഞതായി നിയമസഭയിലെ 139 സാമാജികർക്കും തോന്നിയില്ല. പക്ഷേ, അദ്ദേഹത്തിനു തോന്നി. യഥാർഥത്തിൽ അന്നേ അദ്ദേഹം കിടുങ്ങിയിരുന്നു. അന്നു പറഞ്ഞ കാര്യം അക്ഷരാർഥത്തിൽ പൊതുസമൂഹത്തിനു മുന്നിൽ തെളിയിച്ചെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

English Summary : Chief Minister Pinarayi Vijayan asks if Income Tax Interim Settlement Board's order has any divinity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com