ADVERTISEMENT

തിരുവനന്തപുരം ∙ കെ ഫോൺ പദ്ധതിയിൽ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷത്തെ റോജി എം.ജോൺ. സർക്കാരിന് താൽപര്യമുള്ള കമ്പനിക്ക് കരാർ ലഭ്യമാക്കാൻ ഗൂഢാലോചന നടന്നതായും കോടിക്കണക്കിനു രൂപയുടെ അഴിമതി ഉണ്ടായതായും റോജി ആരോപിച്ചു. 1028.20 കോടി രൂപയുടെ പദ്ധതി 1628.35 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തതെന്നും ടെൻഡർ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായും റോജി പറഞ്ഞു. ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. കെ ഫോൺ നടത്തിപ്പിന് ജിഎസ്ടിയും കൂടി ഉൾപ്പെട്ട തുകയായ 1,628.35 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നതിന് കൺസോർഷ്യത്തിന് അനുമതി നൽകിയതെന്നും 7 വർഷത്തെ പരിപാലന ചെലവിന്റെ സ്ഥാനത്ത് ഒരു വർഷത്തെ ചെലവിന്റെ തുക മാത്രം ഉൾപ്പെടുത്തിയാണ് തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പദ്ധതി പൂർത്തീകരണത്തിനുള്ള ചെലവും ഒരു വർഷത്തെ പരിപാലന ചെലവായ 104 കോടി രൂപയും ഉൾപ്പെടെ 1,028.20 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്. 7 വർഷത്തെ നടത്തിപ്പും പരിപാലന ചെലവും കൂടി ഉൾപ്പെടുത്തിയാണ് ടെൻഡർ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം 7 വർഷത്തെ പരിപാലന ചിലവ് 728 കോടി രൂപ വരും. എന്നാൽ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎൽ) 363 കോടി രൂപയാണ് ക്വോട്ട് ചെയ്തത്.

കേന്ദ്ര സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബിഇഎൽ, പുറമേ റെയിൽ ടെൽ, എസ്ആർഐടി, എൽഎസ് കേബിൾസ് എന്നിവയുടെ കൺസോർഷ്യം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കൺസോർഷ്യവുമായി 2019 മാർച്ച് 8 നാണു കരാർ ഒപ്പിട്ടത്. സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം പദ്ധതിയെ ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസുകാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് വേട്ടക്കാർ ആരാണെന്ന് ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണു ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം ലഭിച്ചതെന്നായിരുന്നു റോജിയുടെ മറുപടി.

English Summary : Crores scam in Kfon too says Roji M John 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com