ADVERTISEMENT

നിയമസഭയിൽ രാവിലെ ശൂന്യവേളയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചാൽ ബന്ധപ്പെട്ട മന്ത്രി അതിനു മറുപടി പറയും. പ്രതിപക്ഷം അതു കേട്ടു തൃപ്തരാകാതെ വീണ്ടും പ്രതിഷേധിച്ച് ഇറങ്ങിപ്പോകും. ആചാരം ഇതാണ്. 

എന്നാൽ ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ട് അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്ത് ‘കടുത്ത ആചാര ലംഘന’ത്തിനാണു ഭരണപക്ഷം മുതിർന്നത്. തിങ്കളാഴ്ച സോളറിലെ സിബിഐ അന്വേഷണ റിപ്പോർട്ട് സഭ നിർത്തി വച്ചു പ്രത്യേക ചർച്ചയ്ക്കു വിധേയമാക്കിയ സർക്കാർ ഇന്നലെ പ്രതിപക്ഷം കൊണ്ടു വന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരിലെ നോട്ടിസിലും ചർച്ചയ്ക്കു തയാറായി. 

എന്തുകൊണ്ടാണ് ഈ ആചാര ലംഘനമെന്ന് ഭരണപക്ഷത്തു നിന്നു ചർച്ച തുടങ്ങിവച്ച കടകംപള്ളി സുരേന്ദ്രൻ സൂചിപ്പിച്ചു. ഉപസംഹരിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ കൂടുതൽ വ്യക്തമാക്കി. നോട്ടിസിന്മേലുള്ള പതിവു ചർച്ചയിലും മറുപടിയിലും മേൽക്കൈ കിട്ടുക പ്രതിപക്ഷത്തിനാകാം. അവതരിപ്പിക്കുന്ന അംഗത്തിനും പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കൾക്കും പ്രസംഗിക്കാം, എന്നിട്ടു വോക്കൗട്ട് നടത്തി കൂടി പ്രതിഷേധിക്കാം. എന്നാൽ പ്രമേയം ചർച്ചയ്ക്കെടുത്താലോ? ഭരണപക്ഷത്തിനുള്ളതിലും പകുതി മാത്രം അംഗങ്ങളേ പ്രതിപക്ഷത്തുള്ളൂ. ആ മാനദണ്ഡ പ്രകാരം ചർച്ചയിൽ പ്രതിപക്ഷത്തെക്കാളും ഇരട്ടി സമയം ഭരണപക്ഷത്തിനുലഭിക്കും. ജനം എല്ലാം കേൾക്കട്ടെ, മനസ്സിലാക്കട്ടെ– ബാലഗോപാൽ പ്രത്യാശിച്ചു. 

നികുതി വെട്ടിപ്പിന്റെ പറുദീസയായി കേരളം മാറിയതു ജനം മനസ്സിലാക്കിയെന്നാണു പക്ഷേ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ വിശ്വാസം. മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാതെ സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റും ധൂർത്തും തുറന്നു കാണിക്കാനാണ് അവർ ശ്രമിച്ചത്. പ്രമേയം അവതരിപ്പിച്ച റോജി എം.ജോൺ ആ റോൾ ഭംഗിയാക്കി. സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങളായി മന്ത്രി ഇതിനകം വിശദീകരിച്ച കാര്യങ്ങൾ റോജി പൊളിച്ചടുക്കി. ശേഷം നേരെ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞു. പാവങ്ങൾ നട്ടം തിരിയുമ്പോൾ ക്ലിഫ് ഹൗസിലെ പശുപരിപാലനത്തെ കണക്കറ്റു പരിഹസിച്ചു. സുരക്ഷയുടെ പേരിലുള്ള എസ്കോർട്ട് പരിവാരത്തെ ഓർമിപ്പിച്ചു. ആ എസ്കോർട്ട് വ്യൂഹത്തിൽ നാലേ നാലു വാഹനങ്ങളെ പക്ഷേ കടകംപള്ളി സുരേന്ദ്രൻ കണ്ടിട്ടുള്ളൂ. 

സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ കനിവു തേടി കേന്ദ്ര ധനമന്ത്രിയെ സമീപിച്ച സംഘത്തിൽ നിന്നു യുഡിഎഫ് എംപിമാർ വിട്ടു നിന്നതു വഞ്ചനയാണെന്ന് സ്ഥാപിക്കാനുള്ള അവസരം ഭരണപക്ഷത്തു നിന്നു പ്രസംഗിച്ച ആരും നഷ്ടപ്പെടുത്തിയില്ല. നിവേദനവുമായി എളമരം കരീം ചെന്നപ്പോൾ സർക്കാർ പറയട്ടെ എന്നുപറഞ്ഞു മടക്കി അടയ്ക്കുകയാണ് എംപിമാർ ചെയ്തതെന്ന് ബാലഗോപാൽ ആരോപിച്ചു. വിളിക്കേണ്ട രീതിയിൽ വിളിച്ചാൽ എംപിമാർ പോകുമെന്നായി രമേശ് ചെന്നിത്തല. 

ഭരണപക്ഷത്താണെങ്കിലും തോമസ് കെ.തോമസും അവതരണ മിടുക്കിനു കൈ കൊടുത്തു. അതു ചെയ്ത റോജി എം.ജോൺ ഒരു സിനിമാ സംവിധായകൻ ആകേണ്ടിയിരുന്നുവെന്ന അഭിപ്രായം തോമസിനുണ്ട്. 

∙ ഇന്നത്തെ വാചകം 

ജനസംഖ്യാനുപാതികമായി കേരളത്തിനു ലഭിക്കാനുളള വിഹിതം കേന്ദ്രം നിഷേധിക്കുമ്പോൾ ഉയരേണ്ടത് കേരളം എന്ന വികാരമാണ് 

കെ.വി.സുമേഷ്(സിപിഎം) 

English Summary: Kerala Assembly Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com