ADVERTISEMENT

കണ്ണൂർ ∙ പ്രമുഖ ആർഎസ്എസ്, ബിജെപി നേതാവ് പി.പി.മുകുന്ദൻ (77) അന്തരിച്ചു. കരൾ–ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ടു 4ന് കണ്ണൂർ മണത്തണയിലെ കുളങ്ങരേത്ത് തറവാട് ശ്മശാനത്തിൽ. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു. 

ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം തുടങ്ങിയ മുകുന്ദൻ 1975 ൽ അടിയന്തരാവസ്ഥക്കാലത്ത് വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലായി 21 മാസം തടവിൽ കഴിഞ്ഞു. പിൽക്കാലത്ത് ബിജെപി രൂപീകരിച്ചപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ നിർവാഹകസമിതി അംഗവുമായി. ഇടതു–വലതു മുന്നണികൾക്കു പ്രാമുഖ്യമുള്ള സംസ്ഥാനത്ത് പാർട്ടിക്ക് പൊതുസ്വീകാര്യത നേടിക്കൊടുക്കാൻ അദ്ദേഹം യത്നിച്ചു. 

2004 ൽ ബിജെപിയുടെ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി സ്ഥാനത്തേക്കു മാറ്റി. പാളിപ്പോയ കോൺഗ്രസ് – ലീഗ്– ബിജെപി സഖ്യരാഷ്ട്രീയ പരീക്ഷണത്തിന്റെ പേരിലായിരുന്നു മാറ്റം. 3 വർഷത്തോളം ഈ ചുമതല വഹിച്ച ശേഷം, ബിജെപി–ആർഎസ്എസ് പ്രവർത്തനങ്ങളിൽ നിന്ന് മുകുന്ദൻ പിൻവാങ്ങി. സംഘടനയിൽ സജീവമാകാൻ ആർഎസ്എസ് ആവശ്യപ്പെട്ടുവെങ്കിലും ചുമതലകളൊന്നും സ്വീകരിക്കാതെ അദ്ദേഹം ജന്മനാട്ടിലേക്കു മടങ്ങി.  2 തവണ ‘ജന്മഭൂമി’ മാനേജിങ് ഡയറക്ടറായി. അവിവാഹിതനാണ്.

English Summary: PP Mukundan Passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com