സംഘടനയ്ക്ക് അടിത്തറയിട്ടു, വളർന്നപ്പോൾ അകന്നുനിന്നു
Mail This Article
തിരുവനന്തപുരം ∙ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരായി ചേരുന്നവർ അണിയറയിലാണു പ്രവർത്തിക്കുക. അവർ സംഘടനയുടെ മുന്നിൽ വരുന്ന ശൈലിയില്ല. ആർഎസ്എസിന്റെ ആ ശൈലിയിൽ നിന്നു പുറത്തുവന്നയാളാണു പി.പി.മുകുന്ദൻ. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിൽ ആർഎസ്എസ് പിടിച്ചുകയറിയത് മുകുന്ദന്റെ സംഘടനാപാടവത്തിലാണെന്ന് അക്കാലത്തെ നേതാക്കൾ ഓർമിക്കുന്നു.
ബിജെപിയിലെ ചുമതലയിൽനിന്ന് ആർഎസ്എസ് തിരിച്ചുവിളിച്ച ശേഷം മുകുന്ദൻ സംഘടനയുടെ വേലിക്കു പുറത്തായെന്നു നിരീക്ഷണങ്ങളുയർന്നു. ഇനി എന്തു പദവിയെന്നു ബിജെപിയും മുകുന്ദനും വിശദീകരിച്ചില്ല. മെല്ലെ സംഘടനാ നേതൃതലത്തിൽ നിന്ന് അപ്രത്യക്ഷനായ മുകുന്ദന് ഒരിക്കലും ബിജെപി പ്രവർത്തകർക്കിടയിൽ സ്ഥാനം കുറഞ്ഞില്ല. എന്തുകൊണ്ടാണു മുകുന്ദനു പ്രത്യേകിച്ചൊരു ചുമതലയും നൽകാത്തതെന്നു പലരും പലവട്ടം നേതാക്കളോടു ചോദിച്ചെങ്കിലും ‘അദ്ദേഹം മുതിർന്ന നേതാവ്’ ആണെന്ന മറുപടിയിൽ എല്ലാം ഒതുക്കി. കേരളത്തിലെ പരിവാർ പ്രസ്ഥാനങ്ങളുടെ അടിത്തറയിട്ട നേതാവ് അങ്ങനെ മുൻനിരയിലും പിൻനിരയിലും നിൽക്കാതെ മെല്ലെ മാറി നിന്നു.
അടുപ്പം വാജ്പേയി മുതൽ മോദി വരെ
തിരുവനന്തപുരം ∙ ഒ.രാജഗോപാൽ, കെ.ജി.മാരാർ, പി.പി.മുകുന്ദൻ എന്നീ 3 പേരുകളായിരുന്നു ഒരു കാലത്തു ബിജെപിയുടെ നേതൃനിര. വാജ്പേയിയും അഡ്വാനിയും ഉൾപ്പെടെ ദേശീയ നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്നവരാണു 3 പേരും. ഗുജറാത്തിലെ ബിജെപിയുടെ സഹസംഘടനാ സെക്രട്ടറിയായി നരേന്ദ്ര മോദിയെ ആർഎസ്എസ് നിയമിച്ച സമയത്താണു കേരളത്തിൽ മുകുന്ദൻ സംഘടനാ ജനറൽ സെക്രട്ടറിയായത്. നരേന്ദ്ര മോദി കേരളത്തിലെ പരിപാടികൾക്കെത്തുമ്പോൾ ഇരുവരും യാത്ര ഒരുമിച്ചായിരുന്നു. മോദിയുടെ ജാതകം കേരളത്തിൽ കൊണ്ടുവന്നു ജ്യോതിഷിയെ കൊണ്ടു നോക്കിച്ച സംഭവവും മുകുന്ദൻ പിന്നീടു പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഒ.രാജഗോപാലിനും സി.കെ. പത്മനാഭനും പ്രതീക്ഷിച്ച വോട്ട് ലഭിക്കാതെ തോറ്റപ്പോൾ മുകുന്ദൻ ആരോപണവിധേയനായി. 2 ലക്ഷം വോട്ടുവരെ മറിച്ചെന്ന് പഴി ഉയർന്നപ്പോൾ ഒരു കേന്ദ്ര നേതാവ് ചോദിച്ചു: അത്രയും വോട്ടു മറിക്കാൻ കെൽപുള്ള നേതാവായിരുന്നെങ്കിൽ അദ്ദേഹത്തെയായിരുന്നില്ലേ സ്ഥാനാർഥിയാക്കേണ്ടത്?
കഠിനാധ്വാനവും ലാളിത്യവും ഓർമിക്കപ്പെടും: പ്രധാനമന്ത്രി
കണ്ണൂർ ∙ പി.പി.മുകുന്ദൻ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ ഓർമിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളിലെയും ആളുകൾ ബുദ്ധിയുടെയും താഴെത്തട്ടിലുള്ള ബന്ധത്തിന്റെയും പേരിൽ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ അദ്ദേഹം കഠിനാധ്വാനം ചെയ്തു. വിയോഗത്തിൽ വേദനിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.
വ്യക്തിബന്ധങ്ങളാൽ സമ്പന്നമായ ജീവിതം: മാമ്മൻ മാത്യു
കോട്ടയം ∙ വിശാല ചിന്താഗതികൊണ്ടും സൗമ്യമായ ഇടപെടൽ കൊണ്ടും രാഷ്ട്രീയ ജീവിതത്തിന് അർഥം നൽകിയ നേതാവായിരുന്നു പി.പി.മുകുന്ദനെന്ന് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനമികവും സംഘാടനശേഷിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പല സംഘർഷവേളകളിലും സമാധാന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ നേതൃത്വം എടുത്തു പറയേണ്ടതാണ്. രാഷ്ട്രീയത്തിനപ്പുറത്തുള്ള വ്യക്തിബന്ധങ്ങൾകൊണ്ട് സമ്പന്നമായിരുന്നു ആ ജീവിതം – മാമ്മൻ മാത്യു പറഞ്ഞു.
English Summary: Remembering PP Mukundan