ADVERTISEMENT

തിരുവനന്തപുരം ∙ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന്റെ നിയമന കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തന്റെ വിവേചനാധികാരം ഉപയോഗിച്ചു തീരുമാനം എടുക്കാമെന്നു രാജ്ഭവന്റെ വിലയിരുത്തൽ. സർക്കാർ ശുപാർശ ചെയ്യുന്നയാളെ അതേപടി ഗവർണർ നിയമിക്കണം എന്നില്ല. ഇതിന്റെ നിയമ വശങ്ങൾ വിലയിരുത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നിഗമനത്തിൽ രാജ്ഭവൻ എത്തിയത്.

ഈ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ശുപാർശയുടെ കാര്യത്തിൽ സ്വന്തമായ തീരുമാനം എടുക്കാൻ ഗവർണർക്കു സാധിക്കും. മണികുമാറിന് എതിരെയുള്ള പരാതികൾ വിലയിരുത്തി കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ നിയമനം നടത്തേണ്ടെന്നു തീരുമാനിക്കാം. കഴമ്പില്ലെങ്കിൽ നിയമനം അംഗീകരിക്കാനും സാധിക്കും. നിയമന ഫയലിൽ തീരുമാനമെടുക്കാതെ അനിശ്ചിത കാലത്തേക്കു മാറ്റിവച്ചാലും സർക്കാരിന് ഒന്നും ചെയ്യാനാവില്ല. നിയമസഭ പാസാക്കിയ വിവാദ ബില്ലുകളുടെ അവസ്ഥയായിരിക്കും ഈ ശുപാർശയ്ക്കും ഉണ്ടാവുക. മനുഷ്യാവകാശ കമ്മിഷനിൽ മറ്റ് അംഗങ്ങൾ ഉള്ളതിനാൽ അധ്യക്ഷനെ ഉടനെ നിയമിച്ചില്ലെങ്കിലും പ്രവർത്തനത്തിനു തടസ്സം ഉണ്ടാകില്ല. മണികുമാറിന് എതിരെയുള്ള പരാതികളെക്കുറിച്ച് സർക്കാരിനോട് വിശദീകരണം തേടാൻ ഗവർണർ തീരുമാനിച്ചിരുന്നു. വരും ദിവസങ്ങളിൽ വിശദീകരണം ചോദിച്ചു ഫയൽ അയച്ചേക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജിയിൽ വാദം കേട്ട 2 ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ഹർജി മറ്റൊരു സംസ്ഥാനത്തെ ലോകായുക്തയ്ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ നൽകിയ പരാതിയിൽ നിയമോപദേശം തേടാനും ഗവർണർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഫയൽ ഇതുവരെ രാജ്ഭവനിൽ നിന്നു ഗവർണറുടെ നിയമ ഉപദേഷ്ടാവിന് അയച്ചിട്ടില്ല. ലോകായുക്തയുടെ നിയമനാധികാരി ഗവർണർ ആണെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന് എത്രത്തോളം അധികാരം ഉണ്ടെന്ന് ഇപ്പോഴും വ്യക്തത ഇല്ല. ഗവർണർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന പരിശോധനയാണു നടത്താൻ പോകുന്നത്. 

മുംബൈയിലേക്കു പോയ ഗവർണർ കേരളത്തിൽ തിരികെ എത്തിയ ശേഷം മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ നിയമനം, ഉപലോകായുക്തമാർക്ക് എതിരെയുള്ള പരാതി എന്നീ കാര്യങ്ങളിൽ തീരുമാനം എടുത്തേക്കും. ഈ വിഷയങ്ങളെ കുറിച്ചു കൂടുതൽ നിയമ വിദഗ്ധരുമായി ഗവർണർ ചർച്ച നടത്താനും സാധ്യതയുണ്ട്. 

English Summary: Raj Bhavan says that the Governor has discretion in Human Rights Commission Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com