ADVERTISEMENT

‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന് സിനിമാ ഡയലോഗ് എ.കെ.എം. അഷ്റഫും തീർച്ചയായും കേട്ടിട്ടുണ്ടാകും. പക്ഷേ കർണാടകയെക്കുറിച്ചും ഒരക്ഷരം മിണ്ടിക്കൂടാ എന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാകില്ല. മുസ്‌ലിം ലീഗിന്റെ മഞ്ചേശ്വരം എംഎൽഎക്ക് അതു ബോധ്യമായി. പോളണ്ടിനോട് ഇടതുപക്ഷത്തിന് സ്നേഹക്കൂറെങ്കിൽ കർണാടകയോടു തിരിച്ചാണെന്നു മാത്രം.

അഷ്റഫിന്റെ പരിചയക്കാരി ലക്ഷ്മി അക്ക കെഎസ്ആർടിസി ബസിൽ കയറുന്നു, പൈസ കൊടുത്തു ടിക്കറ്റെടുക്കുന്നു. പരിചയത്തിലുള്ള സരസ്വതി അക്ക മൂന്നു കിലോമീറ്ററിനപ്പുറം കെഎസ്ആർടിസിയിൽ (കർണാടക കോർപറേഷൻ ആണെന്നു മാത്രം) കയറുന്നു, ഒരു ടിക്കറ്റും വേണ്ട ഫുൾ ഫ്രീ. അഷ്റഫിന്റെ മകനു ഫീസ് കൊടുക്കണമെങ്കിൽ കന്നഡ കൂട്ടുകാരനു പൈസ ഇങ്ങോട്ടാണ്. പത്തു കിലോ സൗജന്യ അരി, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി.. സിദ്ധരാമയ്യയുടെ പുതിയ കോൺഗ്രസ് സർക്കാർ വാരിക്കോരി നൽകുന്നതിനെക്കുറിച്ചു മലയാളത്തിൽ പറഞ്ഞാലും പറഞ്ഞാലും തീരില്ല എന്നതു കൊണ്ടാണെന്നു തോന്നുന്നു,

 പ്രസംഗം അദ്ദേഹം ഇടയ്ക്കു കന്നഡയിലേക്കു മാറ്റിപ്പിടിച്ചു. ‘ആനുകൂല്യങ്ങളൊന്നും വേണ്ട, പക്ഷേ വൈദ്യുതിക്കും വെള്ളത്തിനും ഇന്ധനത്തിനും എല്ലാം വില കൂട്ടി ജനങ്ങളുടെ പിടലിക്കു പിടിക്കാതെ എങ്കിലും ഇരുന്നു കൂടേ? ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്നു സിദ്ധരാമയ്യയോടും ഡി.കെ.ശിവകുമാറിനോടും ചോദിച്ചു മനസ്സിലാക്കുകയെങ്കിലും ചെയ്തു കൂടേ’. അഷ്റഫ് ചോദിച്ചു.

പ്രസംഗകരുടെ പട്ടികയിൽ എം.എം.മണി എന്ന പേരു കണ്ടിരുന്നെങ്കിൽ അഷ്റഫ് ഒരു പക്ഷേ ഇത്രയും വികാരം കൊള്ളില്ലായിരുന്നിരിക്കണം. എന്തൊരു തൊലിക്കട്ടിയാണ് അഷ്റഫിന് എന്നു മണി ആശ്ചര്യപ്പെട്ടു.

 നമ്മുടെ നേട്ടങ്ങൾ മറച്ച് അയലത്തേക്കു നോക്കി അഭിമാനം കൊള്ളുന്ന പണിയെ വിശേഷിപ്പിക്കാനൊരു വാക്കും മണി പ്രയോഗിച്ചു.‘പാർലമെന്ററി വ്യവസ്ഥ’ കണക്കിലെടുത്തു കൂടുതലൊന്നും പറയുന്നില്ലെന്നും ഉദാരനായി. ‘അത്രയും മതി’ എന്നു പറഞ്ഞു സ്പീക്കറും തടുത്തു.

‘ഓപ്പറേഷൻ താമര’ ബിജെപി ആദ്യം നടപ്പാക്കിയ സംസ്ഥാനത്തെ കണ്ടു പഠിക്കാനുള്ള അഷ്റഫിന്റെ ഉപദേശം കയ്യിൽ വച്ചാൽ മതിയെന്നായി വി.കെ.പ്രശാന്ത്. 

ബസ് യാത്രാ സൗജന്യത്തെക്കുറിച്ച് വാചാലനാകുന്ന അഷ്റഫ് കേരളത്തിൽ എത്ര ലക്ഷം പേർക്ക് പെൻഷൻ കൊടുക്കുന്നു എന്നതു കൂടി ഓർമിക്കണമെന്നായി ഇ.ടി.ടൈസൺ. കർഷക പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച സണ്ണി ജോസഫ് അവരുടെ രോദനങ്ങൾ നടൻ ജയസൂര്യ വരെ വിവരിച്ചത് ഓർമിപ്പിച്ചു. 

ആരോപണങ്ങൾ അന്നു തന്നെ സർക്കാർ പൊളിച്ചെന്നായി മന്ത്രി പി.പ്രസാദ്. വാദപ്രതിവാദം നടത്തി ‘സ്കോർ’ ചെയ്യാൻ നോക്കുന്നവർ യഥാർഥ പ്രശ്നം മറക്കരുതെന്നു രമേശ് ചെന്നിത്തല ഉപദേശിച്ചു. യുഡിഎഫിന്റെ മുൻ കൃഷി മന്ത്രിമാരുടെ കാലത്തെ സ്ഥിതി പ്രസാദ് അതോടെ ഓർമിപ്പിച്ചു. ആ മന്ത്രിമാരിൽ ഒരാളായ കെ.പി.മോഹനൻ ഇപ്പോൾ എൽഡിഎഫിനൊപ്പമാണെന്നു മറക്കരുതെന്നായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

സാമ്പത്തിക പ്രതിസന്ധിക്കു കേന്ദ്രത്തെ നിരന്തരം കുറ്റം പറയുന്ന ധനമന്ത്രി എംപിമാരും എംഎൽഎമാരും എല്ലാവരും പങ്കെടുക്കുന്ന ഒരു സമരം ഡൽഹിയിൽ സംഘടിപ്പിക്കാൻ മുൻകൈ എടുക്കാത്തതെന്തേ എന്ന് എ.പി.അനിൽ കുമാറിനു സംശയം. പാർലമെന്റ് സമ്മേളനം ചേരുമ്പോൾ യുഡിഎഫ് എംപിമാർ തീയതി തീരുമാനിച്ചു പറഞ്ഞാൽ എൽഡിഎഫിന്റെ എംപിമാർ റെഡി എന്നായിരുന്നു ബാലഗോപാലിന്റെ മറുപടി.

എകെഎം അഷ്റഫിന്റെ കന്നഡ പ്രസംഗം കേട്ടു തരിച്ചിരുന്നവരിൽ സ്പീക്കറും പെടും. പരിഭാഷ തയാറാക്കി ധനമന്ത്രിക്ക് കൈമാറണമെന്നു സ്പീക്കർ പറഞ്ഞു. പട്ടികവിഭാഗ വിദ്യാർഥികളുടെ ലംപ്സം ഗ്രാന്റ് തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രമോദ് നാരായണന്റെ ശ്രദ്ധ ക്ഷണിക്കൽ ആലങ്കാരികമായതോടെ പകച്ച കെ.രാധാകൃഷ്ണനും അതേ ആവശ്യം പറഞ്ഞു: ‘തുടക്കം ഒന്നും മനസ്സിലായില്ല, തർജമ ചെയ്തു തന്നാൽ കൊള്ളാം!’

ഇന്നത്തെ വാചകം

‘കേരളത്തിൽ കൃഷി ചെയ്ത് ഓഡി കാർ വരെ വാങ്ങാൻ കർഷകനു പറ്റുമെന്ന മട്ടിലുള്ള മന്ത്രിയുടെ അവകാശവാദം കേട്ടാൽ ഈ മന്ത്രിസഭയിലെ കർഷകനായ കെ.കൃഷ്ണൻകുട്ടി ആദ്യം ഞെട്ടും’ – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

Content Highlights: Kerala assembly, Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com