ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിസഭാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ 6 എംഎൽഎമാർ മന്ത്രിപദം മോഹിക്കുന്നതിന്റെ അസ്വസ്ഥത ഇടതുമുന്നണിയെ പെട്ടെന്നു പൊതിഞ്ഞു. നിനച്ചിരിക്കാതെ ഈ ചർച്ച ഉയർന്നതിനോടുളള സിപിഎമ്മിന്റെ അതൃപ്തിയും പുറത്തുവന്നു. 

രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്–എസ്), കെ.ബി.ഗണേഷ്കുമാർ (കേരള കോൺഗ്രസ്–ബി), മാത്യു ടി.തോമസ് (ജനതാദൾ–എസ്), തോമസ് കെ.തോമസ് (എൻസിപി), കെ.പി.മോഹനൻ (എൽജെഡി), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവരാണ് രണ്ടാം പിണറായി സർക്കാർ പാതി കാലാവധി പിന്നിടുന്ന നവംബറിൽ മന്ത്രിസഭയിലെത്താൻ ആഗ്രഹിക്കുന്നത്. ഇതു തടയാൻ ശ്രമിക്കുന്നവർ സിപിഎമ്മിലും ബന്ധപ്പെട്ട ഘടകകക്ഷികളിൽ തന്നെയും ഉള്ളതിനാൽ എതിർവാദങ്ങളും കനത്തു. പുതുപ്പള്ളി ഉപതിര‍ഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ മന്ത്രിസഭാ അഴിച്ചുപണിയുടെ പേരിൽ എൽഡിഎഫിൽ തർക്കം മൂക്കുന്നത് സിപിഎം ആഗ്രഹിക്കുന്നില്ല. 

4 പാർട്ടികൾക്കു രണ്ടരവർഷം വീതം മന്ത്രിപദം എന്ന മുൻധാരണ പാലിക്കുമെന്ന സൂചനയാണു സിപിഎം നേതൃത്വം നൽകുന്നത്. അഹമ്മദ് ദേവർകോവിലിനു (ഐഎൻഎൽ) പകരം രാമചന്ദ്രൻ കടന്നപ്പള്ളി വരുമെന്നതിൽ തർക്കമില്ല. എന്നാൽ, സോളർ കേസിലെ സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങൾ കെ.ബി.ഗണേഷ് കുമാറിനെതിരെ ഉപയോഗിക്കുമെന്ന സൂചന വ്യക്തമാണ്. ഉരുണ്ടു കൂടിയ ആ സംഭവങ്ങളും എൽഡിഎഫിനു പരിഗണിക്കേണ്ടി വരുമല്ലോ എന്ന് ഗണേഷിനുവേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ട ആന്റണി രാജു പ്രതികരിച്ചത് ആ തടസ്സവാദങ്ങളുടെ സൂചനയായി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയെ സോളർ കേസിൽ ഉൾപ്പെടുത്താനും ഗണേഷ് കരുനീക്കി എന്ന വിവരം ആ പാർട്ടിയെയും പ്രകോപിപ്പിച്ചു. സ്ഥിതി കൂടുതൽ വഷളായില്ലെങ്കിൽ ഗണേഷിനു തടസ്സം ഉണ്ടാകില്ലെന്ന സൂചനയാണ് സിപിഎം നേതാക്കൾ നൽകുന്നത്. 

രണ്ടരവർഷം കഴിയുമ്പോൾ കെ.കൃഷ്ണൻകുട്ടിയും (ജനതാദൾ–എസ്) എ.കെ.ശശീന്ദ്രനും (എൻസിപി) യഥാക്രമം മാത്യു ടി.തോമസിനും തോമസ് കെ.തോമസിനും വേണ്ടി മന്ത്രിപദം ഒഴിഞ്ഞു കൊടുക്കുമെന്ന ധാരണ പാർട്ടികൾക്കുള്ളിൽ ഉണ്ടെന്ന വാദം പക്ഷേ മന്ത്രിമാർ വകവച്ചു കൊടുക്കുന്നില്ല. എ.കെ.ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കാൻ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ സമ്മതിക്കില്ലെന്ന് തോന്നിയതോടെ തോമസ് ഇന്നലെ ചാക്കോക്കെതിരെ വീണ്ടും തിരിഞ്ഞു. മന്ത്രിസ്ഥാനത്തിനു വേണ്ടി വിലപേശൽ നടത്തി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളി വിടാനില്ലെന്ന സൂചന മാത്യു ടി. നൽകുന്നുണ്ടെങ്കിലും അദ്ദേഹം പിൻവാങ്ങിയിട്ടില്ല. 

ഘടകകക്ഷികളിൽ തങ്ങളെ മാത്രം തഴഞ്ഞതിനു പരിഹാരം വേണമെന്ന ആവശ്യം ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) ഉയർത്തി. 2 ദളുകൾക്കു 2 മന്ത്രിസ്ഥാനം പറ്റില്ലെന്നും ലയിക്കൂ എന്നു നിർദേശിച്ചുമാണ് എൽജെഡിയെ സിപിഎം പുറത്തു നിർത്തിയത്. ആർഎസ്പി പിളർന്ന് പ്രബല വിഭാഗം യുഡിഎഫിൽ പോയിട്ടും ഇടതു കൂറു വിടാത്ത തനിക്കു പാതി കാലാവധിയെങ്കിലും മന്ത്രിസ്ഥാനമെന്ന ആവശ്യമാണ് കോവൂർ കുഞ്ഞുമോൻ ഉന്നയിച്ചത്. രണ്ടും സിപിഎം അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. 

സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുമെന്ന പ്രചാരണം ഉണ്ടെങ്കിലും പാർട്ടി നിഷേധിക്കുന്നു. മന്ത്രിസഭാ മാറ്റങ്ങൾ തീരുമാനിക്കേണ്ടതു സംസ്ഥാന കമ്മിറ്റി ആയിരിക്കെ അതു ചേരുന്നതിനു മുൻപേ തീരുമാനം പറയുന്ന രീതി പാർട്ടിക്കില്ല. അതുകൊണ്ടുതന്നെ നേതൃത്വം നിഷേധിക്കുമ്പോഴും അഭ്യൂഹങ്ങൾ തീരുന്നില്ല. 

∙ ‘അതു നിങ്ങൾ കൊണ്ടുനടക്ക്’ – മുഖ്യമന്ത്രി പിണറായി വിജയൻ (മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യത്തിന് ഡൽഹിയിൽ നൽകിയ മറുപടി ഈ വാചകം മാത്രം) 

∙ മന്ത്രിസഭാ പുനഃസംഘടന സിപിഎം അജൻഡയായി എടുത്തിട്ടില്ല. മുൻധാരണയനുസരിച്ച് രണ്ടര വർഷം പൂർത്തിയാക്കിയ 2 പാർട്ടികളിലെ മന്ത്രിമാർ മാറും. – സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 

∙ എൽഡിഎഫിലെ മുൻധാരണ പാലിക്കും. കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരിക്കാനുള്ള പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. സ്വത്തുതർക്കം കുടുംബപ്രശ്നം മാത്രമാണ്. സിപിഎം മന്ത്രിമാരുടെ കാര്യത്തിൽ അഴിച്ചുപണി എന്ന വിഷയം ഞങ്ങളുടെ മുന്നിൽ ഇല്ല. മറ്റ് ആവശ്യങ്ങൾ നവംബറിൽ ചർച്ച ചെയ്യും. – എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ 

∙ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച എൽഡിഎഫിലെ മുൻധാരണ പാലിക്കപ്പെടുമ്പോൾ പുതുതായി ഉരുണ്ടുകൂടിയ സംഭവവികാസങ്ങൾ കൂടി സ്വാഭാവികമായും പരിഗണിക്കപ്പെടും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താകും തീരുമാനം. മന്ത്രിസഭയിലെ സാമുദായികസമവാക്യങ്ങളും ചർച്ച ചെയ്യപ്പെടും. – മന്ത്രി ആന്റണി രാജു 

English Summary : Dispute in LDF over cabinet reshuffle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com