ADVERTISEMENT

കൊച്ചി ∙ 3 അമ്മമാരുടെ മുല കുടിച്ചു വളർന്ന അപ്പുക്കിളിയാണു താനെന്നു പ്രഫ. സി.ആർ.ഓമനക്കുട്ടൻ ഇടയ്‌ക്കിടെ പറയും. കോട്ടയം സിഎംഎസ് കോളജാണ് കൗസല്യ എന്ന പെറ്റമ്മ. മികച്ച നടനുള്ള അവാർഡ് നൽകിയ അതേവർഷം തന്നെ വേണ്ടത്ര അറ്റൻഡൻസ് ഇല്ലെന്ന കാരണത്താൽ ടിസി നൽകി പറഞ്ഞുവിട്ട കൊല്ലം എസ്‌എൻ കോളജ് കൈകേയി എന്ന ചിറ്റമ്മ. പിന്നീട് പോറ്റിവളർത്തിയ എസ്‌ബി കോളജ് സുമിത്രയെപ്പോലെ പോറ്റമ്മയായി. 

അപ്പോൾ അധ്യാപക ജീവിതത്തിലെ നീണ്ട 23 വർഷം ചെലവിട്ട മഹാരാജാസ് കോളജോ? മഹാരാജാസ് എന്റെ സീതയാണ്. എന്റെ മക്കളുടെ അമ്മ. 

ഓമനക്കുട്ടന്റെ ലളിതജീവിതവും സരസജീവിതവും ഈ വാക്കുകളിലുണ്ട്. സൗഹൃദങ്ങളുടെ സ്നേഹവിരലുകൾ വിടുവിച്ച് ഓമനക്കുട്ടൻ മടങ്ങുമ്പോൾ ഓമനക്കഥകൾ ഓർമക്കഥകളാകുന്നു. ഓമനക്കുട്ടന്റെ ഓർമശക്തിയാണു മലയാള സാഹിത്യചരിത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. സാഹിത്യപ്രവർത്തക സഹകരണ സംഘവുമായി ബന്ധപ്പെട്ട് ഓമനക്കുട്ടന്റെ സൗഹൃദവൃന്ദം അത്ര വിപുലമാണ്. 

തിരുനക്കരയ്‌ക്കു സമീപമുള്ള ജീവിതം, രാമവർമ യൂണിയൻ ക്ലബ്ബിന്റെയും വിജയ സിനിമാ കൊട്ടകയുടെയും സാമീപ്യം, നായർ സമാജം സ്‌കൂളിലെ പഠനം, കാരൂർ, അഡ്വ.എം.എൻ. ഗോവിന്ദൻ നായർ, കോട്ടയം ഭാസി തുടങ്ങിയവരുടെ ജീവിതം അടുത്തുനിന്നു കാണാൻ കഴിഞ്ഞതിന്റെ ഭാഗ്യം... ജീവിതത്തെ സരസമായും ലാഘവത്തോടെയും നേരിടാൻ ഓമനക്കുട്ടനെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളാണ്. 

അടിയന്തരാവസ്ഥ കഴിഞ്ഞ് രാജൻകേസ് കേരളത്തെ ഇളക്കിമറിച്ചപ്പോഴാണ് ഓമനക്കുട്ടൻ ‘ശവംതീനികൾ’ എഴുതുന്നത്. രാജൻ കേസിന്റെ നേർസാക്ഷ്യമായ പുസ്തകം ഓമനക്കുട്ടനും രാജന്റെ പിതാവ് ഈച്ചരവാരിയരും തമ്മിലുള്ള ആത്മബന്ധത്തിൽ തൊട്ടുള്ള എഴുത്തായിരുന്നു. എൻജിനീയറിങ് കോളജ് വിദ്യാർഥിയായ രാജനെ തേടി ഈച്ചരവാരിയർക്കൊപ്പം നാടാകെ അലയാൻ ഓമനക്കുട്ടനുമുണ്ടായിരുന്നു. രാജൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്ന് ഓമനക്കുട്ടൻ അറിയുന്നത് ഈച്ചരവാരിയർക്കൊപ്പമുള്ള യാത്രയിലാണ്. അത് ആ പിതാവിനോട് പറയാൻ കഴിയാത്തതിലെ വേദന അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്. 

സിനിമയെ ഇടംനെഞ്ചിലേറ്റി എന്നും ഓമനക്കുട്ടൻ. മകൻ സംവിധായകൻ അമൽനീരദ് പോലും ആ പ്രേമത്തിൽ പിന്നിലായിപ്പോകും. 16–ാം വയസ്സിൽ ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ജീവിതകഥയെഴുതിയാണു തുടക്കം. ഭരണങ്ങാനത്ത‌ു പോയി മിസ് കുമാരിയുടെ വീട്ടിലെത്തി നായികയെ നേരിൽ കണ്ടു. മിസ്‌കുമാരി ഓമനക്കുട്ടനു സ്‌നേഹത്തോടെ ചോറു വിളമ്പി; 10–ാം ക്ലാസിൽ ഉയർന്ന മാർക്കു കിട്ടിയിട്ടും നടിയായ കഥയും മെറിലാൻഡിന്റെ ഇടവഴികളെക്കുറിച്ചും പറഞ്ഞുകൊടുത്തു. മിസ് കുമാരിയുടെ നിറഞ്ഞ കേശഭാരം, വിഷാദനയനങ്ങൾ, പളുങ്കു പല്ലുകൾ, പൊൻനിറം...കയ്യെഴുത്തുപ്രതിയോ പ്രസിദ്ധീകരിച്ച കോപ്പിയോ ഇല്ലാതെ നഷ്‌ടപ്പെട്ടുപോയ പുസ്‌തകമായി ആ സ്‌നേഹഭാഷണങ്ങൾ. 

സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രം ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിൽ ചീഫ് എഡിറ്ററുടെ വേഷമിട്ടു സ്ക്രീനിലുമെത്തി. ‘ഞാൻ നർമം എഴുതുന്നു നിങ്ങൾ നർമം ചിത്രീകരിക്കുന്നു’ എന്നാണു സത്യൻ അന്തിക്കാടിനോട് ഓമനക്കുട്ടൻ പറഞ്ഞത്. അമൽനീരദിന്റെ ‘സിഐഎ: കോമ്രേഡ് ഇൻ അമേരിക്ക’യിൽ കോരസാർ എന്ന രാഷ്ട്രീയക്കാരനായി. ശിഷ്യൻ സലിംകുമാർ ‘കറുത്ത ജൂതൻ’ സംവിധാനം ചെയ്തപ്പോഴും പ്രധാനവേഷത്തിലഭിനയിച്ചു. 

English Summary : Professor C R Omanakuttan Passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com