ADVERTISEMENT

തിരുവനന്തപുരം∙ കോഴിക്കോട്ട് 350 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പദ്ധതിക്കു നടപടിക്രമം തെറ്റിച്ചു പരിസ്ഥിതി അനുമതി നൽകിയെന്നു കണ്ടെത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ, തീരുമാനമെടുത്ത സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി അംഗങ്ങൾക്കെതിരെ അന്വേഷണത്തിനു നിർദേശിച്ചു. വിദഗ്ധസമിതിയുടെ ശുപാർശയില്ലാതെയും മുൻകാല പ്രാബല്യത്തോടെയും പരിസ്ഥിതി അനുമതി നൽകിയെന്നാണു കണ്ടെത്തൽ. 2020ൽ ഈ വിവാദ തീരുമാനമെടുത്ത അതോറിറ്റി ചെയർമാൻ തന്നെയാണ്, ഒരു വർഷം മുൻപു പുനഃസംഘടിപ്പിച്ച അതോറിറ്റിയുടെയും ചെയർമാൻ. ആ നിലയ്ക്ക് അതോറിറ്റി പിരിച്ചുവിടേണ്ടിവരും. അപ്പീൽ പോകാനുള്ള സാധ്യതയും സർക്കാർ ആരായുന്നുണ്ട്. ട്രൈബ്യൂണലിന്റെ ഉത്തരവു പഠിച്ചശേഷം തീരുമാനമെടുക്കുമെന്നു പരിസ്ഥിതി സെക്രട്ടറി രത്തൻ യു.ഖേൽക്കർ മനോരമയോടു പറഞ്ഞു. 

കോഴിക്കോട് പന്തീരാങ്കാവിൽ പാർപ്പിട–ഹോട്ടൽ സമുച്ചയം, ബിസിനസ് പാർക്ക് എന്നിവയടങ്ങിയ 81,589 ചതുരശ്ര മീറ്റർ പദ്ധതിക്കാണു 2020 മാർച്ചിൽ പരിസ്ഥിതി അനുമതി ലഭിച്ചത്. പരിസ്ഥിതി ദുർബല പ്രദേശം എന്നതു കണക്കിലെടുക്കാതെയും പരിശോധന നടത്താതെയും അനുമതി നൽകിയെന്നും അനുമതി നൽകുന്നതിനു മുൻപുതന്നെ നിർമാണം നടത്തിയെന്നുമാണു ട്രൈബ്യൂണലിനു ലഭിച്ച പരാതി. 

∙ ശുപാർശയില്ലാതെ അനുമതി

ചെയർമാൻ, വിദഗ്ധ അംഗം, സർക്കാർ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന മൂന്നംഗ അതോറിറ്റിയാണുള്ളത്. അതോറിറ്റിയെ സഹായിക്കാൻ 13 അംഗ വിദഗ്ധ പരിശോധനാ സമിതിയുണ്ട്. ഇവരുടെ ശുപാർശയനുസരിച്ചു മാത്രമേ അതോറിറ്റി തീരുമാനമെടുക്കാൻ പാടുള്ളൂ. എന്നാൽ, കോഴിക്കോട്ടെ കേസിൽ വിദഗ്ധസമിതിയുടെ ശുപാർശയുണ്ടായിരുന്നില്ലെന്നാണു ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. പുതിയ നിർമാണമാണെന്നിരിക്കെ, നിർമാണത്തുടർച്ചയ്ക്ക് അനുമതി നൽകിയതും 2005ലെ പരിസ്ഥിതി ആഘാതപഠന വിജ്ഞാപനത്തിനു വിരുദ്ധമാണെന്നു കണ്ടെത്തി.

‘പൊളിക്കേണ്ടതാണ്; ചെയ്യുന്നില്ല!’

അനുമതി മാറ്റിവച്ചുകൊണ്ടും പദ്ധതി നിർത്തിവയ്പിച്ചുകൊണ്ടുമാണ് ഉത്തരവ്. മൂന്നു മാസത്തിനകം മലിനീകരണ നിയന്ത്രണ ബോർഡ് പിഴ നിശ്ചയിച്ച് ഈടാക്കണം. ഇതിനുശേഷം കമ്പനിയുടെ പുതിയ അപേക്ഷ പരിഗണിക്കാം. അനുമതിയില്ലാതെ പണിയുന്നവർക്കു പാഠമാകാൻ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിടുകയാണു ചെയ്യേണ്ടതെന്ന് ഉത്തരവിലുണ്ട്. എന്നാൽ, നിർമാണം പൂർത്തീകരണ ഘട്ടത്തിൽ എത്തിയതിനാലും പദ്ധതിപ്രദേശം അതീവ ദുർബല മേഖലയല്ലാത്തതിനാലും അതു ചെയ്യുന്നില്ല. 

അതോറിറ്റിയിലെ അന്നത്തെ മുഴുവൻ അംഗങ്ങൾക്കുമെതിരെ അന്വേഷണം വേണം. ആരെങ്കിലും ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ നിലവിലെ അനുമതി അപേക്ഷകളൊന്നും പരിഗണിക്കാൻ പാടില്ല. 

വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഡോ. എച്ച്.നാഗേഷ്പ്രഭുവാണ് അതോറിറ്റി ചെയർമാൻ. 3 വർഷം കാലാവധിയുള്ള അതോറിറ്റി 2022 മാർച്ചിലാണു പുനഃസംഘടിപ്പിച്ചത്.

English Summary : Investigation against Environment Authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com