തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി.സതീഷ്കുമാർ സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണം. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്കു സതീഷ് കാഷ് ഡിപ്പോസിറ്റായ‍ി പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്റെ രേഖകൾ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കണ്ടെടുത്തു.

തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളിൽനിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചെന്ന കേസിലാണു പി. സതീഷ്കുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം.

അയ്യന്തോൾ ബാങ്കിൽ 2013 ഡിസംബർ 12 മുതൽ 2023 സെപ്റ്റംബർ 5 വരെയുള്ള സതീഷിന്റെ ഇടപാടുകളുടെ രേഖ പരിശോധിച്ചതിൽനിന്ന് ഇ.ഡിക്കു വ്യക്തമായ വിവരങ്ങൾ:

 

∙ 2013 ഡിസംബർ 27നു മാത്രം 25 വ്യത്യസ്ത ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 12.50 ലക്ഷം സതീഷിന്റെ അക്കൗണ്ടിലെത്തി. രണ്ടാഴ്ചയ്ക്കു ശേഷം ഇതിൽ 6 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി.

∙ 2014 മാർച്ച് 27ന് 20 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 10 ലക്ഷം രൂപ സതീഷിന്റെ അക്കൗണ്ടിലെത്തി. ഒരു മാസം കഴിഞ്ഞ് 9.5 ലക്ഷം പിൻവലിച്ചു.

∙ അതേവർഷം മേയ് 16നും 19നുമിടയ്ക്ക് 31 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 15.50 ലക്ഷം അക്കൗണ്ടിലെത്തി. ഏതാനും ദിവസം കഴിഞ്ഞ് 16 ലക്ഷം രൂപ പിൻവലിച്ചു.

∙ വീണ്ടും ഒരു മാസം കഴിഞ്ഞ് 35 ലക്ഷം പലതവണയായി അക്കൗണ്ടിലൂടെ കൈമറിഞ്ഞു പോയി.

∙ 2018 ജൂൺ ആറിന് ഒറ്റ ദിവസം 30 ലക്ഷം രൂപയുടെ കാഷ് ഡിപ്പോസിറ്റ്. ഇതിനിടെ പല ദിവസങ്ങളിലും 7–10 ലക്ഷം രൂപയുടെ കാഷ് ഡിപ്പോസിറ്റുകൾ.

∙ പണം നിക്ഷേപിച്ചതെല്ലാം കാഷ് ഡിപ്പോസിറ്റായിട്ടാണെങ്കിലും ഏറെയും പിൻവല‍ിച്ചത് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയ ശേഷമാണ്. ഇ.ഡി വിശദമായ റിപ്പോർട്ട് തേടിയതിനുപിന്നാലെ ബാങ്ക് സകല വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്.

 

അന്വേഷിക്കുന്ന നേതാവിന്റെ ഭാര്യയും ഉദ്യോഗസ്ഥ

കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷനിൽ അംഗമായ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളും ഇതേ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്.

English Summary: Rs. 40 crores fraud in Trichur Ayyanthol Co-op Bank by CPM leader