ADVERTISEMENT

കോട്ടയം ∙ മന്ത്രിയായിട്ടു പോലും ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടെന്നു കെ.രാധാകൃഷ്ണൻ. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലാണ് ദേവസ്വം മന്ത്രിയായ താൻ നേരിട്ട ജാതീയ വിവേചനം രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്.

സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും അതേ വേദിയിൽ തന്നെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം ഏതാണെന്നോ എന്നു നടന്ന സംഭവമാണെന്നോ മന്ത്രി വെളിപ്പെടുത്തിയില്ല.

മന്ത്രി പറഞ്ഞത്: ‘ദീപം കൊളുത്താനുള്ള വിളക്കുമായി പ്രധാന പൂജാരി വേദിയിലെത്തിയപ്പോൾ വിളക്ക് എനിക്കു നൽകാനാണെന്നാണു കരുതിയത്. എന്നാൽ അദ്ദേഹം തന്നെ ദീപം തെളിച്ചു. ആചാരത്തിന്റെ ഭാഗമാകും, തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനു ശേഷം വിളക്ക് കയ്യിൽ തരാതെ നിലത്തുവച്ചു. ‍ഞാൻ നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. പോയി പണിനോക്കാനാണു പറഞ്ഞത്.’ താൻ തരുന്ന പണത്തിന് അയിത്തമില്ലല്ലോ, തനിക്കു മാത്രമാണോ അയിത്തം എന്നു പ്രസംഗത്തിൽ ചോദിച്ചതായും മന്ത്രി പറഞ്ഞു.

വെളിപ്പെടുത്തൽ ഗൗരവതരം: അനന്തഗോപൻ 

തിരുവനന്തപുരം∙ ജാതിയുടെ പേരിൽ തന്നെ വിളക്കു കൊളുത്തുന്നതിൽ നിന്ന് ഒഴിവാക്കിയെന്ന മന്ത്രി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് കാണുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. ഇക്കാര്യം ശക്തമായി അപലപിക്കുന്നു.  തിരുവിതാംകൂർ  ദേവസ്വം ബോർഡിനു കീഴിലുള്ള ഏതെങ്കിലുമൊരു ക്ഷേത്രത്തിൽ നടന്ന ചടങ്ങാണോ ഇതെന്ന് അന്വേഷണം നടത്തും. അങ്ങനെയങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം  വ്യക്തമാക്കി.

English Summary: Devaswom Minister K. Radhakrishnan said that he had to face caste discrimination in the temple ceremony.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com