ADVERTISEMENT

ആലപ്പുഴ∙ തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം ഉയർത്താൻ കമ്പനികളോട് ആവശ്യപ്പെടുമെന്നു റോഡ് സുരക്ഷാ കമ്മിഷണർ എസ്. ശ്രീജിത്ത്. നിയമം പാലിക്കുന്നവരുടെ പ്രീമിയം കുറയ്ക്കാനും ആവശ്യപ്പെടും.

വാഹനങ്ങൾ തീപിടിക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ആദ്യ യോഗത്തിനു ശേഷം നിഗമനങ്ങളും തീരുമാനങ്ങളും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകാൻ കമ്പനികൾ തയാറാകരുതെന്നും അങ്ങനെ ചെയ്യുന്ന കമ്പനികളുടെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

വാഹനങ്ങൾക്കു തീപിടിത്തമുണ്ടായ സ്ഥലങ്ങളെല്ലാം സമിതി സന്ദർശിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ 26, 27, 28 തീയതികളിൽ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ചു യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യ യോഗം ആലപ്പുഴയിൽ ചേർന്നത്. യോഗത്തിനു ശേഷം രാത്രിയോടെ മാവേലിക്കരയിലെ അപകടസ്ഥലം വിദഗ്ധ സംഘം പരിശോധിച്ചു. റോഡ് സുരക്ഷാ കമ്മിഷണറാണു സമിതി അധ്യക്ഷൻ. ഫൊറൻസിക് വിദഗ്ധൻ ഡോ. എസ്.പി. സുനിൽ, സാങ്കേതിക വിദഗ്ധൻ ഡോ. കെ.ജെ. രമേശ്, ഡോ. മനോജ് കുമാർ, ഡോ. കമൽകൃഷ്ണൻ, ട്രാഫിക് ഐജി, അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരടങ്ങിയതാണു സമിതി.

സമിതി തീരുമാനങ്ങൾ

∙ കുറഞ്ഞ വിലയുള്ള വാഹനങ്ങൾ വാങ്ങിയ ശേഷം കൂടുതൽ വിലയുള്ള വാഹനങ്ങളുടെ സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നതു തീപിടിത്തത്തിനു കാരണമാകുന്നുണ്ടെന്നു സമിതി വിലയിരുത്തി. സർവീസ് സെന്ററുകളിലും ആക്സസറീസ് വിൽപനശാലകളിലും നടത്തുന്ന രൂപമാറ്റം പരിശോധിക്കാൻ നോഡൽ ഓഫിസർമാരെ നിയമിക്കും. രൂപമാറ്റം തടയാനായി ബോധവൽക്കരണം നടത്താൻ എല്ലാ ജില്ലകളിലും നോഡൽ ഓഫിസറെ നിയമിക്കും.

∙ രൂപമാറ്റത്തിന് ഇളവു നൽകുന്ന കോടതി വിധികൾ പരിശോധിച്ചു നടപടിയെടുക്കും.

∙ സിനിമാ മേഖലയിൽ കാരവൻ ഉപയോഗിക്കുന്നവർക്കു കത്തു നൽകും.

∙ വിലകുറച്ചു ഇന്ധനം കിട്ടുന്ന സ്ഥലങ്ങളിൽ നിന്ന് അവ കൂടുതൽ ശേഖരിച്ചു വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അപകടകരമാണെന്ന ബോധവൽക്കരണം നടത്തും.

∙ പെട്രോളിലെ എഥനോളിനാൽ ആകർഷിക്കപ്പെടുന്ന ഒരു ചെറുപ്രാണിയുണ്ട്. ഇന്ധനം കുടിക്കാൻ ഇവ കുഴലിൽ ചോർച്ച വരുത്തുന്നതായി വിവരമുണ്ട്. ഇതെപ്പറ്റി ശാസ്ത്രീയമായി പഠിക്കും.

3 വർഷത്തിനിടെ 207 തീപിടിത്തം; 6 മരണം

സംസ്ഥാനത്തു മൂന്നു വർഷത്തിനിടെ 207 വാഹനങ്ങൾക്കു തീപിടിച്ചതായാണു സമിതിയുടെ കണക്ക്. 6 പേർ മരിച്ചു. 4 പേർക്കു ഗുരുതര പരുക്കേറ്റു. പെട്രോൾ വാഹനങ്ങളാണു കൂടുതലും അപകടത്തിൽപെട്ടത്. ബൈക്കും കാറുമാണ് അധികവും. ഇലക്ട്രിക് വാഹനങ്ങളുടെ തീപിടിത്തവും പഠനവിധേയമാക്കും.

English Summary : Insurance premiums for vehicles that repeatedly violate the law will be asked to rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com