നിപ്പ: ആശങ്കയിൽ ഇളവ്; പുതിയ രോഗികളില്ലാതെ മൂന്നാം ദിവസം

Mail This Article
കോഴിക്കോട്∙ ഇന്നലെയും ജില്ലയിൽ ഒരാൾക്കു പോലും പുതുതായി നിപ്പ റിപ്പോർട്ട് ചെയ്തില്ല. ഇതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് പുതിയ രോഗബാധിതരില്ലാതെ കടന്നുപോകുന്നത്. 13നു കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 58 വാർഡുകളിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവു വരുത്തും.
ഇന്നലെ ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവായി. 136 ഫലങ്ങളാണ് ഇനി വരാനുള്ളത്. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ ഫലങ്ങളും ഇന്നലെ നെഗറ്റീവായത് ആശ്വാസം പകരുന്നുണ്ട്.
നിപ്പ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 1,270 പേരെ ഉൾപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗബാധിതരെ നിരീക്ഷിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്. നിലവിൽ ചികിത്സയിലുള്ള നാലു പേരുടെയും നിലയിൽ പുരോഗതിയുണ്ട്. കേന്ദ്രത്തിൽ നിന്നെത്തിയ രണ്ടു സംഘങ്ങൾ മടങ്ങി. ജില്ലയിൽ സ്കൂളുകളിൽ ഇന്നലെ മുതൽ ഓൺലൈൻ ക്ലാസുകൾ സുഗമമായി നടക്കുന്നതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നിപ്പ സ്ഥിരീകരിച്ച മേഖലകളിൽ മൃഗസംരക്ഷണ വകുപ്പ് തുടർച്ചയായി നിരീക്ഷണം നടത്തും. നിപ്പ രോഗസാധ്യതാ കലണ്ടർ തയാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏതൊക്കെ മാസങ്ങളിലാണു വൈറസ് വ്യാപന സാധ്യതയെന്നു കണ്ടെത്തി മുന്നൊരുക്കവും ബോധവൽക്കരണവും നടത്താനാണു ശ്രമം.
English Summary : Nipah: Relief from worry; Third day with no new patients