ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസി‍ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീന് എതിരെയുള്ള തെളിവുകൾ ഇ.ഡിക്ക് ആദ്യം കിട്ടിയതു സിപിഎം കേന്ദ്രങ്ങളിൽനിന്നുതന്നെ. പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി പോലും ഇ.ഡിക്കു റെയ്ഡിനു മുൻപേ കിട്ടി. പാർട്ടി കേന്ദ്രങ്ങളിലൊന്നും പരിശോധന നടത്താതെയാണ് ഈ തെളിവുകൾ കിട്ടിയത്.

മൊയ്തീന്റെ വീട്ടിലെ റെയ്ഡിന് ഇത്തരം എല്ലാ വിവരവുമായായിരുന്നു ഇ.ഡി എത്തിയത്. മൊയ്തീൻ സിപിഎം നിയന്ത്രിത സഹകരണ സംഘത്തിൽ (സൊസൈറ്റി) നടത്തിയ നിക്ഷേപങ്ങളുടെ വിവരം പോലും ഇ.ഡിയുടെ കൈവശമുണ്ടായിരുന്നു. കുടുംബാംഗത്തിന്റെ പേരിൽ പത്തോളം അക്കൗണ്ടുകളിലായി നിക്ഷേപിച്ച തുകയുടെ വിവരമുൾപെടെ ഇ.ഡി മൊയ്തീനോടു ചോദിച്ചു. ഇതിനു മതിയായ രേഖ നൽകാൻ മൊയ്തീൻ സമയം ആവശ്യപ്പെട്ടത് ഇ.ഡി നൽകുകയും ചെയ്തു. 

ബാങ്കുകളിലെ നിക്ഷേപം കണ്ടെത്താൻ ഇ.ഡിക്കു പ്രയാസമില്ല. മൊയ്തീന്റെ കെവൈസി (Know Your Customer തിരിച്ചറിയൽ രേഖകൾ) വിവരം നോക്കിയാൽ കിട്ടും. എന്നാൽ സൊസൈറ്റിയിലെ നിക്ഷേപ വിവരം കെവൈസി രേഖപ്പെടുത്തിയിട്ടുള്ള നിക്ഷേപമല്ല. സൊസൈറ്റിക്കു മാത്രമേ ഇതിന്റെ വിവരം അറിയൂ. എന്നിട്ടുപോലും സിപിഎം ഭരിക്കുന്ന ഈ സൊസൈറ്റിയിൽ മൊയ്തീന്റ കുടുംബാംഗത്തിന്റെ പേരിലുള്ള നിക്ഷേപത്തിന്റെ വിവരം റെയ്ഡിനു മുൻപു തന്നെ പുറത്തുപോയി. സിപിഎമ്മിനകത്തുനിന്നുതന്നെ ഈ വിവരം ചോർത്തിക്കൊടുത്തെന്നു വ്യക്തം.

കരുവന്നൂരിലെ അഴിമതിയെപ്പറ്റി അന്വേഷണം നടത്തിയതു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ബിജുവും തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ഷാജനുമാണ്. അന്വേഷണ റിപ്പോർട്ട് ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിലും വായിച്ചിരുന്നു. എന്നാൽ ഒരിടത്തും കോപ്പി കൊടുത്തിട്ടില്ല. ജില്ലാ കമ്മിറ്റിയിലും കോപ്പി വിതരണം ചെയ്തിട്ടില്ല. എന്നാൽ ഇ.ഡി എത്തിയത് ഈ റിപ്പോർട്ടിന്റെ കോപ്പിയുമായാണ്. 

ജില്ലയിൽ വടക്കാഞ്ചേരി കേന്ദ്രീകരിച്ചു പാർട്ടിയിൽ ശക്തമായ ഗ്രൂപ്പിസം ഉണ്ടായിരുന്നു. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വന്ന് സിപിഎം പ്രതിരോധത്തിലായതോടെയാണ് ഈ ഗ്രൂപ്പിസം അവസാനിച്ചത്. വടക്കാഞ്ചേരിയിൽ ഇപ്പോഴത്തെ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിക്ക് 2016ലെ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരുന്നപ്പോൾ ശക്തമായ പ്രതിഷേധമാണു പാർട്ടിയിലുണ്ടായത്. ഇതേത്തുടർന്ന് പാർട്ടിയിൽ വിഭാഗീയത പുകയുകയായിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com