വലമുറുക്കി ഇ.ഡി; അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിലടക്കം എട്ടിടത്ത് ഇ.ഡി റെയ്ഡ്

crpf-cammandos
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ.കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ് നടത്തുമ്പോൾ പുറത്ത് കാവൽ നിൽക്കുന്ന സിആർപിഎഫ് കമാൻഡോകൾ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ അയ്യന്തോൾ, തൃശൂർ സർവീസ് സഹകരണ ബാങ്കുകളടക്കം എട്ടിടത്ത് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തി. കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കും കുരിയച്ചിറയിലെ ജ്വല്ലറിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിശോധന സിആർപിഎഫ് കാവലിൽ രാത്രി വൈകിയും തുടർന്നു.

സമാഹരിച്ച തെളിവുകൾ ആവർത്ത‍ിച്ചുറപ്പിക്കാനാണു പരിശോധനയെന്നു സൂചനയുണ്ട്. കരുവന്നൂർ കള്ളപ്പണക്കേസിലെ ബെനാമി ഇടപാടുകളിൽ ആരോപണം നേരിടുന്ന മുൻമന്ത്രി എ.സി.മൊയ്തീനെ ഇന്നു ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇ.ഡി തെളിവുകൾ ശക്തമാക്കുന്നത്.

നടന്നത് 500 കോടിയുടെ കള്ളപ്പണ ഇടപാടുകളോ?

തൃശൂർ ∙ സതീഷിന്റെ അക്കൗണ്ടുകളിലൂടെ പലർ ചേർന്ന് 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടത്തിയതായി ഇ.ഡിക്ക് സൂചനയുണ്ട്. സതീഷ് ബെനാമി മാത്രമാണെന്നും പല വഴികളിലൂടെ ഇയാളുടെ അക്കൗണ്ടുകളിലേക്കു പണം കുമിഞ്ഞുകൂടിയെന്നുമാണു വ്യക്തമായത്. വിദേശ അക്കൗണ്ടുകളിൽനിന്നു വെളുപ്പിക്കാനെത്തിയ കള്ളപ്പണത്തിനു പുറമേ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൈക്കൂലിപ്പണവും വൻകിട അനധികൃത ഇടപാടുകളിലൂടെ ചിലർ സ്വന്തമാക്കിയ പണവും സതീഷിന്റെ കൈവശമെത്തി. 

ഇതു സതീഷ് കാഷ് ഡിപ്പോസിറ്റായി പല ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. സഹകരണ ബാങ്കിലൂടെ വെളുപ്പിച്ചെടുത്ത് മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്കു മാറ്റിനൽകി. കൊടുങ്ങല്ലൂർ മേഖലയിലെ ഒരു സഹകരണ ബാങ്കിൽ സതീഷിന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചതായി സൂചനയുണ്ട്. 

കണ്ണികൾ കോർത്തിണക്കി റെയ്ഡ്

കൊച്ചി കോമ്പാറ ജംക്‌ഷനിൽ ദീപക് സത്യപാലന്റെ വീട്: ഹോസ്പിറ്റാലിറ്റി രംഗത്തുള്ള ദീപക്, കരുവന്നൂർ കള്ളപ്പണക്കേസിലെ രണ്ടാം പ്രതി പി.പി. കിരണിന്റെ ബിസിനസ് പങ്കാളിയാണ്. ദീപക്കും ഒന്നാം പ്രതി സതീഷും കരുവന്നൂർ ബാങ്കിൽനിന്നു തട്ടിയ പണം ബിസിനസ് പങ്കാളികളുടെ കടലാസ് കമ്പനികളിലൂടെ വെളുപ്പിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന. ദീപക് പ്രതികരിച്ചില്ല.

തൃശൂർ സഹകരണ ബാങ്ക്: ജപ്തി ഭീഷണി നേരിടുന്നവരുടെ വായ്പ ‘വിലയ്ക്കു വാങ്ങി’ സതീഷ് കൂടുതൽ തുകയ്ക്ക് ഇവിടെ പണയംവച്ചു തട്ടിപ്പു നടത്തിയതായി ഇ.ഡി കണ്ടെത്തി. മുൻ എംഎൽഎ കൂടിയായ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണനെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്.

അയ്യന്തോൾ സഹകരണ ബാങ്ക്: റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ അനിൽകുമാർ ഇവിടെനിന്ന് 18.50 കോടി രൂപ തട്ടിയതായി കണ്ടെത്തി. വ്യാജവിലാസത്തിലായിരുന്നു വായ്പയെന്നും സൂചനയുണ്ട്. ഈ വിലാസത്തിൽ ആളെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ അനിൽ ഒളിവിൽ പോയെന്നായിരുന്നു ആദ്യനിഗമനം.

അനിലിന്റെ ചേർപ്പ് വെങ്ങിണിശേരി വിളക്കുംകാൽ ഭാഗത്തെ വീട്: ഇവിടെനിന്നു സുപ്രധാന വിവരങ്ങൾ കണ്ടെടുത്തതായി സൂചന. അനിലും സതീഷും തമ്മിൽ വ്യാപക പണമിടപാടുകൾ നടന്നെന്നും വിവരം. കരുവന്നൂർ ബാങ്കിൽനിന്നു രണ്ടു തവണയായി 8.5 കോടി രൂപ തട്ടിയെടുത്തതായും സൂചനയുണ്ട്. ബിസിനസ് തകർന്ന അവസ്ഥയിലാണ് അനിലെന്നും ഇ.ഡി കണ്ടെത്തി. 

കുരിയച്ചിറ എസ്ടി ജ്വല്ലറി: അനിലിന്റെ ബന്ധുവും സ്വർണാഭരണ മൊത്തവ്യാപാരിയുമായ വെങ്ങിണിശേരി കൊന്നക്കപ്പറമ്പിൽ സുനിൽകുമാറിന്റെ ജ്വല്ലറിയാണിത്. സതീഷിൽനിന്ന് ജ്വല്ലറിയിലേക്ക് ഒരു കോടി രൂപ വന്നതായി സംശയം. 

മൂന്ന് ആധാരമെഴുത്ത് ഓഫിസുകൾ: തൃശൂർ പാലസ് റോ‍ഡിലെ ജോസ് കൂനംപ്ലാക്കൽ ആധാരമെഴുത്ത് ഓഫിസ്, വിയ്യൂർ പാലത്തിനു സമീപം ജെഎസ് അസോഷ്യേറ്റ്സ്, തൃ‍ശൂർ നഗരപ്രാന്തമായ തിരൂരിലെ ഗീതാ ടാക്കീസിന് എതിർവശത്തെ ആധാരമെഴുത്ത് ഓഫിസ് എന്നിവിടങ്ങളിൽ സതീഷിന്റെ ഭൂമിയിടപാടുകൾ പരിശോധിക്കുന്നു. സതീഷിനുവേണ്ടി തയാറാക്കിയ ആധാരങ്ങളുടെ പകർപ്പടക്കം പരിശോധിക്കുന്നുണ്ട്. ഇതിനു ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും തേടി.

മുൻകൂർ ജാമ്യത്തിന് മൊയ്തീന്റെ ശ്രമം

തൃശൂർ ∙ മുൻമന്ത്രി എ.സി. മൊയ്തീൻ ഇന്ന് ഇ.ഡി മുൻപാകെ ഹാജരായേക്കില്ല. അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ആശങ്കയുള്ളതിനാൽ മുൻകൂർ ജാമ്യം തേടാൻ നിയമോപദേശം ലഭിച്ചതായും വിവരമുണ്ട്. രണ്ടുതവണ നോട്ടിസ് നൽകിയതിനുശേഷമാണു ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായത്. നിക്ഷേപത്തിന്റെ രേഖകൾ ഇ.ഡി ആവശ്യപ്പെടുകയും ചില നിക്ഷേപങ്ങൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഒരു നിക്ഷേപം സംബന്ധിച്ച് മറുപടി തൃപ്തികരമായിരുന്നില്ലെന്നും സൂചനയുണ്ട്.

English Summary: Enforcement Directorate raids at eight places including Ayanthol and Thrissur cooperative banks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS