പുതപ്പുവിരിച്ച് ഒരുക്കിയ കിടക്കയിൽ മകൻ; സമീപം അച്ഛനും മരിച്ച നിലയിൽ

Mail This Article
ഏനാത്ത് (പത്തനംതിട്ട) ∙ വാടക വീട്ടിൽ അച്ഛനും മകനും മരിച്ച നിലയിൽ. അടൂർ വടക്കടത്തുകാവ് നടക്കാവ് കല്ലുംപുറത്ത് പടിപ്പുരയിൽ മാത്യു പി.അലക്സ് (47), മകൻ മെൽവിൻ മാത്യു (9) എന്നിവരെയാണ് ഏനാത്ത് കടികയിൽ വാടക വീടിന്റെ സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. മാത്യു പി.അലക്സിനെ മുറിയിൽ പടിക്കെട്ടിന്റെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലും മകനെ സമീപത്തായി നിലത്തു പുതപ്പു വിരിച്ച് ഒരുക്കിയ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മരണ വിവരം സമീപവാസികൾ അറിയുന്നത്. ഉറക്കം ഉണർന്നപ്പോൾ മുറിക്കുള്ളിൽ തൂങ്ങിനിൽക്കുന്ന അച്ഛനെ കണ്ട 5 വയസ്സുകാരനായ ഇളയ കുട്ടി കരഞ്ഞുകൊണ്ട് വീടിനു പുറത്തേക്കിറങ്ങി. ഇതുകണ്ട സമീപവാസി അന്വേഷിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്.
മാത്യുവിന്റെ ഭാര്യ ആശ വിദേശത്താണ്. വിദേശത്തായിരുന്ന മാത്യു കുറച്ച് വർഷങ്ങളായി നാട്ടിലാണ്. സംഭവം നടന്ന കടികയിൽ വാടക വീട്ടിൽ താമസം തുടങ്ങിയിട്ട് 9 മാസമായി. കിഴക്കുപുറം ഗവ. എച്ച്എസ്എസ് മൂന്നാം ക്ലാസ്സ് വിദ്യാർഥിയാണ് മെൽവിൻ.
English Summary: Man and son found dead in Pathanamthitta