മരട് ജോസഫ് അന്തരിച്ചു

Mail This Article
തൃപ്പൂണിത്തുറ ∙ എണ്ണംപറഞ്ഞ വേഷങ്ങളിലൂടെയും ഗാനങ്ങളിലൂടെയും മലയാള നാടകപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നാടക– സംഗീത– സിനിമാ കലാകാരൻ മരട് ജോസഫ് (93) അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി വിശിഷ്ടാംഗത്വമടക്കം ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള മരട് ജോസഫിന്റെ വിയോഗം ഇന്നലെ വൈകിട്ട് 4ന് എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു. എസ്എൻ ജംക്‌ഷൻ കോൺവന്റ് റോഡിലെ അഞ്ചുതൈക്കൽ വീട്ടിൽ ഇന്നലെ എത്തിച്ച ഭൗതികശരീരം ഇന്നു രാവിലെ 10നു വടക്കേക്കോട്ട സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 3.30നു വടക്കേക്കോട്ട പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം 4.30നു മരട് മൂത്തേടം പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: മെർട്ടിൽ, എൽമർ. മരുമകൾ: ജാസ്മിൻ.
അദ്ദേഹം 67 വർഷം തുടർച്ചയായി പ്രഫഷനൽ നാടകരംഗത്തു നിറഞ്ഞുനിന്നു. ചെറായി ജി എഴുതിയ ‘വഴിത്താര’ എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് എ.എക്‌സ്. ജോസഫ് എന്ന പേര് മരട് ജോസഫ് എന്നാക്കിയത്. 1949 മുതൽ പി.ജെ. ആന്റണിയോടൊപ്പം പ്രതിഭാ ആർട്സ് ക്ലബ്ബിലായിരുന്നു പ്രവർത്തനം. പിന്നീടു മറ്റു സമിതികളിലും പ്രവർത്തിച്ചു. ഇനിയും പുറത്തിറങ്ങാത്ത ‘പാറ’ ആണ് ആദ്യമായി അഭിനയിച്ച സിനിമ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’, ‘പൂവിരിയും പുലരി’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
English Summary : Marad Joseph passed away