ADVERTISEMENT

തിരുവനന്തപുരം ∙ വരുംമാസങ്ങളിലെ പ്രതിസന്ധി മറികടക്കാൻ കൂടുതൽ ക്ഷേമനിധി ബോർഡുകളിൽനിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും പരമാവധി നിക്ഷേപം സ്വീകരിക്കാനാണ് സർക്കാർ ശ്രമം. മാസങ്ങൾക്കുള്ളിൽ മടക്കി നൽകാമെന്ന ഉറപ്പിൻമേലാകും പണം വാങ്ങുക. ഇപ്പോഴുള്ള നിരക്കിനെക്കാൾ അര ശതമാനം അധികം പലിശ നൽകിയാകും പണം സമാഹരിക്കുക.

ഓണം കഴിഞ്ഞതിനു പിന്നാലെ നേരിട്ട പ്രതിസന്ധി മറികടക്കാനാണ് മോട്ടർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 1,200 കോടിയും ചെത്തുതൊഴിലാളി ക്ഷേമ നിധി ബോർഡിൽനിന്ന് 500 കോടിയും സർക്കാർ ആവശ്യപ്പെട്ടത്.

ഇൗ പണം സമാഹരിക്കാനായി ബോർഡുകൾ 2 ബാങ്കുകളെ സമീപിച്ച് സ്ഥിരനിക്ഷേപ ഗാരന്റിയിൻമേൽ ഓവർ ഡ്രാഫ്റ്റായി പണം ആവശ്യപ്പെട്ടു. ആദ്യം പണം നൽകാമെന്നേറ്റ ബാങ്കുകൾ അവസാന നിമിഷം മലക്കം മറിഞ്ഞു. മുൻപൊരിക്കലും ബാങ്കുകൾ ഇത്തരത്തിൽ പണം നിഷേധിച്ചിട്ടില്ല.

പുതുതലമുറ ബാങ്കുകൾ പലതും സർക്കാരിനു പിന്നാലെ നടന്നിട്ടും അവർക്കു വഴങ്ങാതെ ഇപ്പോഴും പൊതുമേഖലാ ബാങ്കുകളിലാണ് സർക്കാരിന്റെ അക്കൗണ്ടുകൾ. എന്നിട്ടും സഹായം നിഷേധിച്ചതിനാൽ അതിവേഗം പണം ലഭ്യമാക്കുന്ന പുതുതലമുറ ബാങ്കുകളിലേക്കു മാറുന്നതിനെക്കുറിച്ചാണ് ധനവകുപ്പ് ആലോചിക്കുന്നത്. 

പ്രതിസന്ധി മറികടക്കാൻ 1,000 കോടി രൂപ ചൊവ്വാഴ്ച റിസർവ് ബാങ്ക് വഴി കടമെടുക്കുന്നുണ്ട്. ഇതോടെ ഇൗ സാമ്പത്തികവർഷം കടമെടുക്കാവുന്ന തുക ഏതാണ്ട് തീരും.

English Summary : Investment mobilization to overcome financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com