ഉദ്ഘാടനം നാളെ; പുതിയ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്

Mail This Article
ന്യൂഡൽഹി/തിരുവനന്തപുരം ∙ കാസർകോട്–തിരുവനന്തപുരം റൂട്ടിൽ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസിനു മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജംക‍്‍ഷൻ, ആലപ്പുഴ, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ.
ട്രെയിൻ ഇന്നലെ വിജയകരമായ ട്രയൽറൺ നടത്തി. ഉദ്ഘാടന സർവീസ് നാളെ ഉച്ചയ്ക്ക് 12.30ന് കാസർകോട്ടു നിന്ന് ആരംഭിക്കും. ഇതിൽ ക്ഷണം ലഭിച്ചവർക്കു മാത്രമാണു പ്രവേശനം. യാത്രക്കാരുമായുള്ള ആദ്യ സർവീസ് 26ന് വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. രാത്രി 11.55ന് കാസർകോട്ടെത്തും. തിരികെ 27ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് തിരുവനന്തപുരത്തെത്തും. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി.മുഹമ്മദ് ബഷീർ എംപി റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയിരുന്നു.
ആദ്യ വന്ദേഭാരത് ഏറ്റുമാനൂരിൽ 7 മിനിറ്റ് നിർത്തിയിട്ടു
കോട്ടയം ∙ എൻജിനിൽ ചെറിയ ഇലക്ട്രിക്കൽ തകരാറിനെത്തുടർന്ന് കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ 7 മിനിറ്റ് ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തിയിട്ടു. ഇന്നലെ രാത്രി എട്ടോടെയാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയത്. തകരാർ ഉടൻ പരിഹരിച്ചു യാത്ര പുനരാരംഭിച്ചു.
English Summary: New Vande Bharat Train Service from Sunday Onwards