‘പി.വി.’ പിണറായി വിജയൻ തന്നെ: മാത്യു കുഴൽനാടൻ

Mail This Article
കൊച്ചി ∙ കരിമണൽ കമ്പനിയിൽനിന്നു പണം കൈപ്പറ്റിയവരുടെ ചുരുക്കപ്പേരുകളിലെ ‘പി.വി.’ എന്നതു പിണറായി വിജയൻ തന്നെയാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്നു മാത്യു കുഴൽനാടൻ എംഎൽഎ. വീണയ്ക്കു പണം നൽകിയത് അവരുടെ പിതാവ് ഈ സംസ്ഥാനത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട രാഷ്ട്രീയനേതാവായതിനാലാണെന്നും ഇതിലും കൂടിയ തുക ഇതിനു മുൻപ് അദ്ദേഹത്തിനു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ‘പി.വി.’ എന്ന ചുരുക്കെഴുത്തിനു സമീപം പിണറായി വിജയൻ എന്നു മുഴുവനായി പൂർണമായി എഴുതിയിട്ടുണ്ട്.
റിപ്പോർട്ടിൽ രേഖപ്പെടുത്തിയ ‘പി.വി.’ എന്നതു പിണറായി വിജയൻ തന്നെയാണ്. മറിച്ചുതെളിയിച്ചാൽ എംഎൽഎസ്ഥാനം രാജിവയ്ക്കാം. ‘പി.വി.’ താനല്ലെന്നും സംസ്ഥാനത്ത് എത്രയോ പി.വിമാരുണ്ടാകാമെന്നുമാണു മുഖ്യമന്ത്രി പറയുന്നത്. പക്ഷേ, സംസ്ഥാനത്ത് എത്ര പിണറായി വിജയന്മാരുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കണം. കാരണം റിപ്പോർട്ടിൽ പി.വി. എന്നതു പിണറായി വിജയനാണെന്നു വ്യക്തമായി പറയുന്നുണ്ട് – മാത്യു ചൂണ്ടിക്കാട്ടി.
മകൾ വീണാ വിജയൻ കരിമണൽ കമ്പനിയിൽനിന്നു പണം വാങ്ങിയെന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. ഇതു സേവനത്തിനായി കമ്പനികൾ തമ്മിൽ കരാർപ്രകാരം നൽകിയ പണമാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. അക്കൗണ്ട് വഴി പണം വാങ്ങിയാൽ സുതാര്യമാകുമെന്നാണോ മുഖ്യമന്ത്രി പറയുന്നത്? ഒരു കമ്യൂണിസ്റ്റുകാരൻ പോലും വിശ്വസിക്കില്ല എന്ന നിലയിലേക്കു പിണറായി തകർന്നുകഴിഞ്ഞെന്നു മാത്യു അഭിപ്രായപ്പെട്ടു. ഒരു സേവനവും നൽകാതെയാണു കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾക്കു പണം നൽകിയതെന്ന് ഇന്ററിം സെറ്റിൽമെൻറ് ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കരിമണൽ കമ്പനി നൽകിയതു ഭിക്ഷയായാണോ എന്നു കുഴൽനാടൻ ചോദിച്ചു.
English Summary : 'PV' Pinarayi Vijayan himself says Mathew Kuzhalnadan