ADVERTISEMENT

ചെറുതോണി ∙ ഇടുക്കി ജില്ലാ ആസ്ഥാനത്ത് തടിയമ്പാട് ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ഔട്‌ലെറ്റിൽ നിന്നും ജീവനക്കാരുടെ പക്കൽ നിന്നും താമസസ്ഥലത്തു നിന്നും വാഹനങ്ങളിൽ നിന്നുമായി കണക്കിൽപെടാതെ സൂക്ഷിച്ചിരുന്ന 46,850 രൂപയാണു വിജിലൻസ് സംഘം  കണ്ടെടുത്തത്. ജീവനക്കാർ ഗൂഗിൾ പേ വഴി പണം വാങ്ങി ചെറുകിട കച്ചവടക്കാർക്ക് മദ്യം വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

സ്റ്റോക്ക് പരിശോധനയിൽ  മദ്യത്തിന്റെയും ബീയറിന്റെയും കണക്കിൽ വ്യത്യാസം കണ്ടെത്തി. കിഴക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി 8.30ന് ആയിരുന്നു പരിശോധന. 

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ അജിത് കുമാറും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പു കണ്ടുപിടിച്ചത്.  റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിക്കും. 

എസ്ഐ ഇ.എ.മുഹമ്മദ്, എഎസ്ഐ ബേസിൽ പി.ഐസക്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കൃഷ്ണകുമാർ, ദിലീപ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ് ദത്തൻ, ശ്രീജിത്ത് കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഔട്‌ലെറ്റിൽ അനധികൃത നിയമനവും

വിജിലൻസ് സംഘം എത്തിയപ്പോൾ ഷോപ്പിൽ നിന്ന് ഒരാൾ കടന്നുകളഞ്ഞു. ഇയാളെ പാർട്ട് ടൈം സ്വീപ്പർ എന്ന പേരിൽ അനധികൃതമായി ജീവനക്കാർ നിയമിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഷോപ്പിൽ ഇയാളുടെ ഇടപെടൽ വ്യക്തമാണെന്നും വിജിലൻസ് സംഘം പറഞ്ഞു. രണ്ടു വനിതാ ജീവനക്കാരടക്കം 8 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

കമ്മിഷൻ ഡയറിയും കണക്കിൽപെടാത്ത കാശും

ഔട്‌ലെറ്റിൽ വ്യാഴാഴ്ചയിലെ ആകെ വിറ്റുവരവ് 14,86,350 രൂപയായിരുന്നു. എന്നാൽ കൗണ്ടറിലെ കലക്‌ഷൻ തുക എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 8300 രൂപ അധികമായി കണ്ടെത്തി. കടയിൽ ഹാജർ ഉണ്ടായിരുന്ന ജീവനക്കാരുടെ കൈവശമുള്ള പണം പരിശോധിച്ചപ്പോൾ ഒരു എൽഡി ക്ലാർക്കിന്റെ കൈവശം കണക്കിൽപെടാത്ത 15,600 രൂപ ഉണ്ടായിരുന്നു. 

  ഔട്‌ലെറ്റിന്റെ മുകൾനിലയിൽ ഷോപ്പ് ഇൻ ചാർജ് താമസിക്കുന്ന മുറിയിൽ 15,950 രൂപയും കമ്പനികളിൽ നിന്നു കമ്മിഷൻ ലഭിക്കുന്ന കണക്കുകൾ എഴുതി സൂക്ഷിക്കുന്ന ഡയറിയും കണ്ടെത്തി. ജീവനക്കാരിൽ ഒരാളുടെ കാറിൽ നിന്ന് 7000 രൂപയും കണ്ടെടുത്തു. കണക്കിൽ പെടാത്ത 46,850 രൂപ മൊത്തം കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാലു ജീവനക്കാരുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണമിടപാടുകൾ നടന്നതായും കണ്ടെത്തി.

English Summary : Vigilance raid at Thadiyampadu beverages outlet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com