മധുവിന് ഇന്ന് നവതി

Mail This Article
തിരുവനന്തപുരം ∙ ‘‘എപ്പോഴും കാണാൻ തോന്നുന്ന, അല്ലെങ്കിൽ എത്ര കണ്ടാലും മടുപ്പു തോന്നാത്തൊരു മുഖവും ആളുമായിട്ടാണ് എനിക്ക് മധുസാറിനെ തോന്നിയിട്ടുള്ളത്. അതെന്താണ് സാർ അങ്ങനെ?’’– വെള്ളിത്തിരയിൽ താൻ കുത്തകയാക്കിയ കുസൃതിച്ചിരി ചേർത്ത് മോഹൻലാലിന്റെ ചോദ്യം നവതിയിലെത്തിയ മധുവിനോട്. കുസൃതി വിടാത്ത ചിരിയോടെ മധുവിന്റെ മറുപടി: ‘‘ചില മണ്ടൻമാർക്ക് അങ്ങനെ തോന്നാറുണ്ട്.’’ ലാൽ പൊട്ടിച്ചിരിച്ചു.
പിറന്നാൾദിനത്തിനു മുൻപേ ആശംസയുമായി മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയതാണു മോഹൻലാൽ. തലസ്ഥാനത്തു തന്നെ നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞു രാത്രിയാണു ലാൽ വന്നത്.
എന്നോട് എന്താണു പറയാനുള്ളത് മധുസാറിനെന്നു ലാൽ ചോദിച്ചു. ‘‘ഇവിടെ എത്രയോ പേർ വരുന്നു പോകുന്നു. പക്ഷേ ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷം. ലോട്ടറി അടിച്ചവന്റെ ആഹ്ലാദം.’’– മധു പറഞ്ഞു.
നർമസംഭാഷണത്തിനൊടുവിൽ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണു ലാൽ മടങ്ങിയത്. തലസ്ഥാനത്തു ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ നവതിദിനമായ ഇന്നു വൈകിട്ട് ‘മധുമൊഴി’ എന്ന ആദരം സംഘടിപ്പിച്ചിട്ടുണ്ട്.
English Summary : Actor Madhu's Navathi celebration today