ADVERTISEMENT

തിരുവനന്തപുരം ∙ കമ്പനിയിൽനിന്നു പണം കൈപ്പറ്റിയതായി ആദായനികുതി തർക്കപരിഹാര ബോർഡിനു സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ പറയുന്ന പി.വി, പിണറായി വിജയനല്ലെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടെന്നും അതിലപ്പുറം ചർച്ച ചെയ്യേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്നതു വ്യാജആരോപണങ്ങളാണ്. പരിശോധന നടത്തിയശേഷമാണ് ഇക്കാര്യത്തിലും പാർട്ടി നിഗമനത്തിലെത്തിയതെന്നു സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്കു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ രണ്ടര വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലുമായി നടത്തിയെന്നു ഗോവിന്ദൻ പറഞ്ഞു. സർക്കാർ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായാണു വിലയിരുത്തൽ.

അതേസമയം, സ്വയം അധികാരകേന്ദ്രമായി ചിലർ മാറുന്ന പ്രവണത സർക്കാരിലും ഉദ്യോഗസ്ഥരിലും പാർട്ടിയിലുമുണ്ട്. ഇത് അവസാനിപ്പിക്കണം. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലെത്തുന്നില്ല. നവമാധ്യമ സംവിധാനം ശക്തിപ്പെടുത്തണം. തദ്ദേശവകുപ്പിനും സഹകരണ വകുപ്പിനും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്താനാകുമെങ്കിലും ആ നിലയ്ക്കുള്ള മാറ്റം കാണുന്നില്ല. 

ഇടതുപക്ഷത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരെയുള്ള കടന്നുകയറ്റത്തിനു കരുവന്നൂർ ബാങ്കിനെ കരുവാക്കുകയാണ് ഇ.ഡി. എ.സി.മൊയ്തീനെതിരെ തെളിവുണ്ടാക്കാൻ ചിലരെ ചോദ്യം ചെയ്യുകയും മൊയ്തീന്റെ പേരു പറയാൻ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഇ.ഡി ബലപ്രയോഗം നടത്തുന്നതു ചരിത്രത്തിലില്ലാത്ത കാര്യമാണ്. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത്ഷായാണു മുഖ്യ ആസൂത്രകൻ. 

മന്ത്രിമാരുടെ മണ്ഡലം പര്യടനം യുഡിഎഫ് ബഹിഷ്കരിച്ചത് അവരുടെ അവസരവാദ സമീപനമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ജനസമ്പർക്ക പരിപാടി എൽഡിഎഫും ബഹിഷ്കരിച്ചിട്ടില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു മറ്റൊരു പശ്ചാത്തലത്തിലായിരുന്നെന്നും സാഹചര്യമനുസരിച്ചാണു തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു മറുപടി.

English Summary: MV Govindan clarifies about Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com