ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പോക്സോ കേസ് പ്രതി ചെന്നൈയിൽ നിന്ന് അറസ്റ്റിൽ

Mail This Article
മൂന്നാർ ∙ ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ചെന്നൈയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻദേവൻ കമ്പനി അരുവിക്കാട് വെസ്റ്റ് ഡിവിഷനിൽ എം.രഞ്ജിത് (27) ആണ് അറസ്റ്റിലായത്.
നാലു ദിവസം മുൻപാണ് രാത്രിയിൽ കുട്ടി മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ ബിസ്കറ്റ് നൽകാമെന്നു പറഞ്ഞ് കുട്ടിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ബഹളം വച്ചതിനെ തുടർന്ന്, വീടിനു പുറത്തായിരുന്ന മുത്തശ്ശി ഓടിയെത്തി. ഇതോടെ ഇയാൾ കടന്നുകളയുകയായിരുന്നു.
തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലായി കുഴൽക്കിണർ പണി നടത്തിവന്നിരുന്ന ഇയാൾ ഒരാഴ്ച മുൻപാണ് മൂന്നാറിലെത്തിയത്. പ്രതി അന്നു രാത്രി തന്നെ തമിഴ്നാട്ടിലേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വ്യാഴാഴ്ച രാത്രി ചെന്നൈയിൽ നിന്ന് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
ദേവികുളം എസ്എച്ച്ഒ എസ്. ശിവലാൽ, എസ്ഐ സന്തോഷ് ലാൽ, എസ്‌സിപിഒ വേണുഗോപാൽ പ്രഭു, സിപിഒമാരായ അനീഷ് കൃഷ്ണൻ, ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
English Summary : POCSO case accused arrested from Chennai