ഈ വ്യക്തിയെ നിരീക്ഷിക്കണം : ബി. അശോകിന്റെ കത്ത് ; എസ്എഫ്ഐ സെക്രട്ടറി ആർഷോ അതിക്രമിച്ചു കയറിയ സംഭവം

Mail This Article
തിരുവനന്തപുരം ∙ കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ.ബി.അശോകിന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിലേക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും സുഹൃത്തും ബുധനാഴ്ച അതിക്രമിച്ചു കയറിയ സംഭവത്തിൽ ബി.അശോക് നൽകിയ കത്ത് പൊതുഭരണ വകുപ്പ് പരിശോധിക്കുന്നു.
പ്രത്യേക സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിൽ പ്രവേശിച്ച വ്യക്തി ഒച്ചയും ബഹളവും ഉണ്ടാക്കിയെന്നും, ഈ വ്യക്തി ഇനി മുതൽ സെക്രട്ടേറിയറ്റിൽ പ്രവേശിക്കുമ്പോൾ നിരീക്ഷിക്കണം എന്നും ചൂണ്ടിക്കാട്ടിയാണ് അശോക് കത്തു നൽകിയത്. കേന്ദ്ര കാർഷിക സെക്രട്ടറിമാരുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെയാണ് സംഭവം എന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം, ആർഷോയ്ക്കും സുഹൃത്തിനും എതിരെ നടപടി എടുക്കണം എന്ന പരാമർശം കത്തിൽ ഇല്ല.
സംഭവത്തിൽ അശോകിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നൽകിയ പരാതി ചീഫ് സെക്യൂരിറ്റി ഓഫിസർ കൈമാറാത്ത സാഹചര്യത്തിൽ വിഷയം ഒതുക്കി തീർക്കാനാണ് ഉന്നത നിർദേശം. യോഗം നടക്കുന്ന സ്ഥലത്തേക്ക് ആർഷോയും സുഹൃത്തും അതിക്രമിച്ചു കയറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലെ സന്ദർശകർക്ക് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തണം എന്ന നിർദേശവും പൊതുഭരണ വകുപ്പ് പരിശോധിക്കുന്നുണ്ട്.
English Summary : This person should be observed: B. Ashok's letter