മഴ: അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു
Mail This Article
തൊടുപുഴ ∙ ഒരിടവേളയ്ക്കു ശേഷം മഴയെത്തിയതോടെ ഈ മാസം സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 10 ശതമാനം ഉയർന്നു. ഇപ്പോൾ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 45 ശതമാനം വെള്ളമുണ്ട്.
ഈ വർഷം സംസ്ഥാനത്ത് കാലവർഷം 38 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം കുറയ്ക്കുകയും പുറത്തുനിന്നു കൂടുതൽ വൈദ്യുതി എത്തുകയും ചെയ്തു. ഇതോടൊപ്പം മഴയും എത്തിയതോടെയാണ് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 38 ശതമാനം വെള്ളം കുറവാണ് നിലവിൽ അണക്കെട്ടുകളിലുള്ളത്.
ഈ മാസം സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ നിന്ന് 232.6458 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. കഴിഞ്ഞ വർഷം അതേ കാലയളവിൽ 884.7369 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ 2336.42 അടി വെള്ളമാണുള്ളത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. ഇത് സംഭരണശേഷിയുടെ 35 ശതമാനമാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 50 അടി വെള്ളം കുറവാണുള്ളത്.
English Summary : Water level rised in dams on rain