ADVERTISEMENT

തിരുവനന്തപുരം ∙ ‘എന്റെ ആദ്യ സിനിമയായ ‘സാത് ഹിന്ദുസ്ഥാനി’യിൽ ആറു നായകരിലൊരാളായി മധു സാർ എത്തിയപ്പോൾ അദ്ദേഹം ആരായിരുന്നു എന്ന് എനിക്കറിയുമായിരുന്നില്ല. പിന്നീടാണ് അദ്ദേഹം മലയാളത്തിൽ എത്ര വലിയ നടൻ ആണെന്നു തിരിച്ചറിഞ്ഞത്–’ പ്രിയപ്പെട്ട നടൻ മധുവിന് നവതി ആശംസയുമായി ‌‌വിഡിയോ സ്ക്രീനിൽ അമിതാഭ് ബച്ചന്റെ ഘനഗംഭീര സ്വരം ഉയർന്നു.

ഉത്തരേന്ത്യയിൽ നിന്ന് അമിതാഭ് ബച്ചനും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലിരുന്നു മലയാള സിനിമാ പ്രവർത്തകരും ആശംസകൾ നേരുന്നതും തന്റെ പിറന്നാൾ ആഘോഷിക്കുന്നതും തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിൽ തയാറാക്കിയ താൽക്കാലിക സ്റ്റുഡിയോയിൽ ഇരുന്ന് മധു കണ്ടു, കേട്ടു, സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി; പിന്മുറക്കാരായ സിനിമാ പ്രവർത്തകർ മലയാള സിനിമയുടെ ഇതിഹാസപർവത്തിന്റെ പിറന്നാൾ ആഘോഷപൂർവം ‘മധുമൊഴി’യായി കൊണ്ടാടി. ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ‘മധുമൊഴി’ സംഘടിപ്പിച്ചത്.

അമിതാഭ് ബച്ചൻ തുടങ്ങിവച്ച ഓർമകളുടെ ബാക്കിയുമായാണ് സംവിധായകൻ പ്രിയദർശൻ ആ കത്ത് വായിച്ചത്– ‘സാത് ഹിന്ദുസ്ഥാനി’യിൽ ആറു നായകർക്കൊപ്പമുണ്ടായിരുന്ന നായിക ഷഹനാസ് അയച്ച പിറന്നാൾ ആശംസാ സന്ദേശം. അതു കേട്ട് കുറച്ചു നേരം മധു പഴയ കാലത്തേക്കു സഞ്ചരിച്ചു.

‘ഗോവയിൽ ‘സാത് ഹിന്ദുസ്ഥാനി’ ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ആറു പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. അവർ നന്നായി അഭിനയിച്ചു. ഒരു വീട്ടിൽ ഒരു സ്ത്രീ മാത്രമേയുള്ളൂവെങ്കിൽ അവർ എങ്ങനെ വീടു കൊണ്ടുപോകുമോ അതു പോലെ ഞങ്ങളെയെല്ലാം ഒരു സഹോദരിയുടെ സ്ഥാനത്തു നിന്ന് അവർ ഒന്നിപ്പിച്ചു കൊണ്ടുപോയി’.ഋതുക്കൾ മാറി മറിഞ്ഞാലും മാറ്റമില്ലാത്ത യുഗപ്രഭാവന്റെ നവതി ആഘോഷിക്കുന്ന ഈ സായന്തനം ഒരു യുഗപ്രഭാവ സന്ധ്യയാണ് എന്ന വാക്കുകളുമായി നടൻ മോഹൻലാൽ ആണ് ‘മധുമൊഴി’ക്കു തുടക്കമിട്ടത്. 

‘കുറെ നാൾ ഇങ്ങനെ ജീവിച്ച് ഉള്ള സമയമെല്ലാം ജോലി ചെയ്തു. മോഹിച്ചതു പോലെ സിനിമയിൽ സംതൃപ്തിയോടെ പ്രവർത്തിച്ചു. ഇത്രയും കാലം ജീവിക്കണമെന്ന് ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തില്ല. 16 വയസ്സിന്റെ ഉത്സാഹവും ശക്തിയും ഇല്ലെങ്കിലും ഇപ്പോഴും ഇങ്ങനെയൊക്കെ കഴിഞ്ഞുപോകുന്നതിൽ സന്തോഷമുണ്ട്.’– മറുപടിയായി മധു പറഞ്ഞു. തുടർന്ന് സഹപ്രവർത്തകരായ നടീനടന്മാരും സംവിധായകരും നിർമാതാക്കളും ഉൾപ്പെടെയുള്ളവർ മധുവിന് ആശംസകൾ നേരുകയും അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു. മധു അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറി.

പരിപാടി തുടരുന്നതിനിടയിൽ നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ പ്രവർത്തകരുടെ സംഘം കണ്ണമ്മൂലയിലെ വീട്ടിലെത്തി മധുവിന് പിറന്നാൾ ആശംസ നേർന്നു. താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റു കൂടിയായ മോഹൻലാലിന്റെയും ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെയും നേതൃത്വത്തിൽ ഉച്ചയ്ക്കു മധുവിനെ സന്ദർശിച്ച് ‘അമ്മ’യുടെ ഉപഹാരം കൈമാറി. മലയാള മനോരമയാണ് ‘മധുമൊഴി’യുടെ പ്രിന്റ് മീഡിയ പാർട്നർ.

English Summary: Actor Madhu turn's 90, Birthday Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com