മുക്കുപണ്ടം വച്ച് പണം തട്ടി; അപ്രൈസറും മകനും അറസ്റ്റിൽ

Mail This Article
കയ്പമംഗലം (തൃശൂർ)∙ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെടുത്ത കേസിൽ ബാങ്ക് ഗോൾഡ് അപ്രൈസറും മകനും അറസ്റ്റിൽ. വെള്ളാങ്കല്ലൂർ സ്വദേശി മാങ്ങാട്ടുകര വീട്ടിൽ ദശരഥൻ (59), മകൻ ജിഷ്ണു പ്രസാദ്( 27 ) എന്നിവരെയാണു മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പല്ലൂർ ശാഖയിലാണ് ഇവർ 5.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് 23 500 രൂപ തട്ടിയെടുത്തത്.
കനറാ ബാങ്ക് റീജനൽ ഓഫിസിലെ ഗോൾഡ് അപ്രൈസറാണ് ദശരഥൻ. ഇയാൾ ബാങ്കിന്റെ വെമ്പല്ലൂർ ശാഖയിൽ പകരക്കാരനായി എത്തിയ ജൂൺ ആറിനാണ് മകൻ ജിഷ്ണു പ്രസാദ് മുക്കുപണ്ടം പണയം വച്ചത്. ഈ മാസം നടത്തിയ ഓഡിറ്റിങ്ങിൽ ബാങ്ക് അധികൃതർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ മതിലകം പൊലീസിൽ പരാതി നൽകുകയായിരുന്നു. ദശരഥൻ ജോലി ചെയ്യുന്ന മാള, ഇരിങ്ങാലക്കുട ബ്രാഞ്ചിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
English Summary : Appraiser and son arrested