സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Mail This Article
കാസർകോട് ∙ സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഉൾപ്പെടെ 9 വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ട്രെയിൻ നമ്പർ 02631 കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ഇന്നലെ ഉച്ചയ്ക്ക് 12.30നു കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഉദ്ഘാടന യാത്ര നടത്തി. യാത്രക്കാർക്കായുള്ള ആദ്യ യാത്ര 27ന് വൈകിട്ട് തിരുവനന്തപുരത്തു നിന്നാരംഭിക്കും.
കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദു റഹ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭാധ്യക്ഷൻ വി.എം.മുനീർ, പാലക്കാട് ഡിആർഎം അരുൺ കുമാർ ചതുർവേദി തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തെ തന്നെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് കേരളത്തിലേതാണ്. ട്രെയിൻ നമ്പർ 20633 കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് 177.45 %, ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന് 171.7 % എന്നിങ്ങനെയാണ് ഒക്യുപെൻസി നിരക്ക്.
ഗുരുവായൂർ– രാമേശ്വരം വന്ദേഭാരതിനായി സാധ്യതാ പഠനം വരുന്നു
ഷൊർണൂർ ∙ ഗുരുവായൂർ– രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് വരുമെന്ന സൂചന നൽകി സാധ്യതാ പഠനം. യാഥാർഥ്യമായാൽ പിൽഗ്രിം ടൂറിസം (തീർഥാടന യാത്ര) പദ്ധതിയിൽ വരുന്ന ആദ്യ വന്ദേഭാരതാകും ഇത്. ഗുരുവായൂർ, പഴനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്കാണു പഠനം തുടങ്ങിയത്.
English Summary: Prime Minister Narendra Modi Launches 9 Vande Bharat Trains Together Online