ADVERTISEMENT

കൊച്ചി ∙ മലയാളസിനിമയ്ക്ക് ആധുനികതയുടെ ചാരുതയും തീക്ഷ്ണതയും സമ്മാനിച്ച സംവിധായകൻ കെ.ജി.ജോർജ് (78) അന്തരിച്ചു. മനുഷ്യമനസ്സിന്റെ സങ്കീർണതകളെ സൂക്ഷ്മമായി ചിത്രീകരിച്ച ജോർജിന്റെ സിനിമകൾ പലതും മലയാളത്തിലെ ക്ലാസിക്കുകളാണ്. ആഖ്യാനത്തിലും പ്രമേയത്തിലും ജോർജിന്റെ പ്രതിഭ മലയാളത്തിനു പുതിയ ചലച്ചിത്രഭാഷ നൽകി.

കാക്കനാട്ടെ സിഗ‌്‌നേചർ ഏജ്ഡ് കെയറിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് 6 വർഷമായി ഇവിടെയായിരുന്നു താമസം. നാളെ കൊച്ചിയിലെ പൊതുദർശനത്തിനുശേഷം സംസ്കാരം വൈകിട്ട് 4.30ന് രവിപുരം ശ്മശാനത്തിൽ. പൊതുദർശനം എവിടെയെന്നതു ഫെഫ്ക ഇന്നു തീരുമാനിക്കും.

പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സെൽമയാണു ഭാര്യ. മക്കൾ: അരുൺ ജോർജ് (കോർപറേറ്റ് കമ്യൂണിക്കേഷൻ, പനാഷെ അക്കാദമി, ഗോവ), താര (ഖത്തർ എയർവേയ്സ്, ദോഹ). മരുമകൾ: നിഷ.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സംവിധാനം പഠിച്ചു. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണു സിനിമയിലെത്തിയത്.  ആദ്യമായി സംവിധാനം ചെയ്ത ‘സ്വപ്നാടന’ത്തിന് 1976ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ, ഇലവങ്കോടുദേശം തുടങ്ങി 40 വർഷത്തെ സിനിമാജീവിതത്തിൽ 19 സിനിമകൾ സംവിധാനം ചെയ്തു.

1945 മേയ് 24നു തിരുവല്ലയിൽ സാമുവലിന്റെയും അന്നമ്മയുടെയും മകനായാണ് കുളക്കാട്ടിൽ ഗീവർഗീസ് ജോർജിന്റെ ജനനം. ദേശീയ ഫിലിം അവാർഡ് ജൂറി അംഗം, സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ, കെഎസ്എഫ്ഡിസി അധ്യക്ഷൻ, മാക്ട ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 

2016ൽ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് അർഹനായി. ആദാമിന്റെ വാരിയെല്ല്, ഇരകൾ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. ആത്മകഥ: ‘ഫ്ലാഷ്ബാക്ക്: എന്റെയും സിനിമയുടെയും’.

ഗവർണറും മുഖ്യമന്ത്രിയും അനുശോചിച്ചു

തിരുവനന്തപുരം ∙ സംവിധായകൻ കെ.ജി.ജോർജിന്റെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ ഇടംപിടിച്ച സംവിധായകനാണ് കെ.ജി.ജോർജ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, സജി ചെറിയാൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവരും അനുശോചിച്ചു.

English Summary: Director KG George passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com