ADVERTISEMENT

പൂർണ ആരോഗ്യവാനായാൽ എന്തു സിനിമയായിരിക്കും ചെയ്യുക?

സ്ട്രോക്ക് വന്നതിനെത്തുടർന്നുണ്ടായ തളർച്ചയെയും വിഷാദാവസ്ഥയെയും അതിജീവിച്ച് പുതിയ ജീവിതത്തിലേക്കു വാക്കറിൽ പിച്ചവയ്ക്കുന്ന കാലത്തൊരിക്കൽ കൊച്ചിയിൽ നടന്ന സെമിനാറിൽ ഒരാൾ കെ.ജി.ജോർജിനോടു ചോദിച്ചു. ഒരുനിമിഷം പോലും ആലോചിക്കാതെ, പ്രസിദ്ധമായ ബുൾഗാൻ താടി തടവി അദ്ദേഹം പറഞ്ഞു: ‘നാളത്തെ സിനിമ.’

അതായിരുന്നു കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ.ജി.ജോർജ്; എഴുപതുകളിൽ നവതരംഗമുയർത്തിയ സംവിധായകർക്കിടയിലെ ശക്തമായ സാന്നിധ്യം. മലയാള സിനിമയിൽ എക്കാലവും മുൻപേ പറന്ന പക്ഷി. സിനിമ സംവിധായകരുടെ കലയാണെന്നു മലയാളത്തെ പഠിപ്പിച്ചയാൾ. അക്കാദമിക് തലത്തിൽ സിനിമയുടെ പാഠപുസ്തകങ്ങളെന്ന് അംഗീകരിക്കപ്പെട്ട ക്ലാസിക്കുകളായി അദ്ദേഹത്തിന്റെ സൃഷ്ടികളെ നിരൂപകർ വാഴ്ത്തുന്നു.

കുളത്തുങ്കൽ പോത്തൻ എന്ന മുതലാളിയുടെ ബെൻസ് ലോറികൾക്കു പെയിന്റ് അടിച്ചുനടന്ന പഴയ പയ്യന്റെ ഓർമകൾ അവസാനനിമിഷം വരെയും മനസ്സിലുണ്ടായിരുന്നതിനാൽ എന്നും മണ്ണിൽ ചവിട്ടിയാണ് കെ.ജി.ജോർജ് നടന്നത്. 

പെരുവരക്കാലം

ഹരിപ്പാടുകാരനായ സാമുവലിന്റേതു സഞ്ചാരിയുടെ ജന്മമായിരുന്നു. പെയിന്റിങ് ജോലിയുമായി ഊരുചുറ്റി തിരുവല്ലയിലെത്തിയപ്പോഴാണ് അന്നാമ്മയെ കണ്ടത്. വിവാഹശേഷമുള്ള യാത്രകളിൽ പിന്നീട് അന്നാമ്മയും ചേർന്നു. ജോർജ് ജനിച്ചതോടെ ആ യാത്രയിൽ മൂന്നു പേരായി. ജോർജിനുശേഷം 13 വർഷം കഴിഞ്ഞാണ് സാമുവലിനു മറ്റൊരു മകൻ പിറക്കുന്നത്.

ലോറികൾക്കു ചിത്രപ്പണി ചെയ്യാനും ചായം പൂശാനും കടകൾക്കു ബോർഡെഴുതാനും പോകുമ്പോൾ സാമുവൽ മകൻ ജോർജിനെയും ഒപ്പം കൂട്ടി. മനസ്സിൽ നിറക്കൂട്ടുകളുടെ രസതന്ത്രവും വിരലുകളിൽ ചിത്രവടിവിന്റെ സൂക്ഷ്‌മതയും അന്നേ അവനു പകർന്നുകിട്ടി. ജോലി ചെയ്‌തു കിട്ടുന്ന പണം ആഴ്ചയിലൊരിക്കൽ അവൻ ചെലവഴിച്ചതു തിരുവല്ലയിലെ ‘വിക്‌ടറി’ തിയറ്ററിലായിരുന്നു. 

തിരുവല്ല എസ്ഡി സ്കൂളിലെ പഠനകാലത്തും ചങ്ങനാശേരി എൻഎസ്എസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് ബിരുദ പഠനകാലത്തും വര കൂടെയുണ്ടായിരുന്നു. നാടാകെ സഞ്ചരിച്ചു ലോറിയിൽ ചിത്രങ്ങളെഴുതി നടന്ന കാലം. കോളജ് വിട്ടു വൈകിട്ട് ഏതെങ്കിലും ബസിൽ കയറി വര തേടിപ്പോകും. എട്ടരയുടെ അവസാനബസിൽ തിരുവല്ലയിലേക്കു മടക്കം. അപ്പോഴും കോട്ടയത്തെയും ചങ്ങനാശേരിയിലെയും എറണാകുളത്തെയും തിയറ്ററുകളിൽ ആർത്തിയോടെ കയറിയിറങ്ങാൻ മറന്നില്ല.

പെയിന്റ് പണി അത്യാവശ്യം കാശു സമ്പാദിച്ചു കൊടുക്കുന്നതിനാൽ ഇംഗ്ലിഷ് സിനിമാ പ്രസിദ്ധീകരണങ്ങൾ വാങ്ങിയായിരുന്നു വായന. തരംഗമായി വളർന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി സഹകരിക്കാൻ തുടങ്ങിയ കാലത്താണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം കിട്ടിയത്.

ചലച്ചിത്രാസ്വാദന കോഴ്സ് പഠിക്കാനാണ് ആദ്യം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയത്. ഒരുമാസത്തെ കോഴ്സായിരുന്നു അത്. അതിൽ പങ്കെടുത്തതോടെ സിനിമയാണു തന്റെ തട്ടകമെന്നു ജോർജിന്റെ മനസ്സു പറഞ്ഞു. സംവിധാനം പഠിക്കാൻ അവിടെ ഡിപ്ലോമ കോഴ്സിനു ചേർന്നു. ജോൺ ഏബ്രഹാം, ബാലു മഹേന്ദ്ര, ജമീല മാലിക്, ജയഭാദുരി, മോഹൻ ശർമ, രവി മേനോൻ, ആസാദ് തുടങ്ങിയവരൊക്കെ അവിടെ പഠിക്കുന്നുണ്ട്. 

ഏതൊരു വിദ്യാർഥിയെയുംപോലെ ജോർജിനെയും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാറ്റിപ്പണിതു. നാട്ടിലേക്കുള്ള വരവു കുറഞ്ഞു. കോഴ്സ് പൂർത്തിയാക്കി പുണെ വിടുന്നതിനുമുൻപുതന്നെ സിനിമയിൽ പ്രവേശനം ഉറച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ എക്സ്റ്റേണൽ എക്സാമിനറായി എത്തിയ പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട് ഒപ്പം പോരാൻ ക്ഷണിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ‘മായ’, ‘നെല്ല്’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. മൂന്നു വർഷം നീണ്ട ഇക്കാലയളവിലെ ഇടവേളകളിൽ സുഹൃത്തായ ജോൺ ഏബ്രഹാമിനൊപ്പവും പ്രവർത്തിച്ചു.

സ്വപ്നലോകത്തേക്ക്

രാമു കാര്യാട്ടിനൊപ്പം ‘നെല്ല്’ സിനിമ ചെയ്യുന്ന കാലത്തുതന്നെ കെ.ജി.ജോർജ് തന്റെ ആദ്യസിനിമ സ്വപ്നാടനത്തിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. സൈക്കോളജിസ്റ്റായ മുഹമ്മദ് സൈക്കോ എഴുതിയ കഥയ്ക്കു സാഹിത്യകാരനായ പമ്മനൊപ്പം തിരക്കഥയൊരുക്കി. നായകനായി അരവിന്ദന്റെ ‘ഉത്തരായന’ത്തിൽ അഭിനയിച്ച ഡോ. മോഹൻദാസിനെ ഉറപ്പിച്ചു. നായിക റാണിചന്ദ്ര. 1975ൽ പുറത്തിറങ്ങിയ ഈ സിനിമയിലെ, സാമ്പ്രദായിക രീതിയിൽനിന്നു വ്യത്യസ്തമായ സംവിധാനശൈലി പരക്കെ അംഗീകരിക്കപ്പെട്ടു. സ്വപ്നാടനത്തിനുപിന്നാലെ ഇറങ്ങിയ ‘വ്യാമോഹം’ പക്ഷേ വിജയിച്ചില്ല. മലയാളത്തിലേക്ക് ആദ്യമായി ഇളയരാജ എത്തുന്നത് ഈ സിനിമയുടെ സംഗീതസംവിധാനത്തിനായിരുന്നു. തുടർന്ന് 1978ൽ അഞ്ചു ചിത്രങ്ങൾ. ഉൾക്കടൽ, രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, മണ്ണ്, ഇനി അവൾ ഉറങ്ങട്ടെ. കലാപരമായി മികച്ചതെങ്കിലും ഇവയിൽ ഉൾക്കടൽ മാത്രമാണു സാമ്പത്തികമായി വിജയിച്ചത്. അതെപ്പറ്റി ജോർജ് പറയും:

‘‘സ്വപ്‌നാടനത്തിന്റെ വിജയം എന്നെ ഉന്മത്തനും അഹങ്കാരിയുമാക്കിയിരുന്നു. ഏതുതരത്തിലുള്ള ചിത്രവും ചെയ്‌തു ഹിറ്റാക്കാമെന്നു ഞാൻ കരുതി. അങ്ങനെ തുടർച്ചയായി ചെയ്‌ത പടങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് എന്റെ അഹങ്കാരത്തിനു ശമനമുണ്ടായത്.’’

പാഠപുസ്തകമായ സിനിമ

1980ൽ ‘മേള’ എന്ന സിനിമയോടെ ജോർജിന്റെ സിനിമാ ജീവിതത്തിലെ അടുത്തഘട്ടം തുടങ്ങുന്നു. പിറ്റേ വർഷം ഇറങ്ങിയ ‘കോലങ്ങൾ’ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ വേദികളിൽ ചർച്ച ചെയ്യപ്പെട്ടു. 1982ൽ ‘യവനിക’യുടെ വരവോടെ കെ.ജി.ജോർജ് എന്ന സംവിധായകന്റെ കയ്യൊപ്പ് മലയാള സിനിമയുടെ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983), ആദാമിന്റെ വാരിയെല്ല് (1983), പഞ്ചവടിപ്പാലം (1984), ഇരകൾ (1986), കഥയ്ക്കു പിന്നിൽ (1987), മറ്റൊരാൾ (1988), ഇൗ കണ്ണികൂടി (1990) തുടങ്ങിയ ചിത്രങ്ങളിൽ പലതും മലയാള സിനിമയുടെ വളർച്ചയുടെ പാതയിലെ നാഴികക്കല്ലുകളും സിനിമാസംവിധാനത്തിന്റെ പാഠപുസ്തകങ്ങളുമാണ്. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആയിരുന്നു അവസാനചിത്രം. 19 സിനിമകൾ, പുറമേ ഏതാനും ടെലിസീരിയലുകളും ടെലിഫിലിമും. 7 സിനിമകൾ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചതിന്റെ റെക്കോർഡും ജോർജിനു സ്വന്തം. ഇതിനിടെ ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘മഹാനഗരം’ (1992) എന്ന ചിത്രം നിർമിക്കുകയും ചെയ്തു. 

‘സ്വപ്നാടനം’ മലയാളത്തിലെ ആദ്യത്തെ സൈക്കളോജിക്കൽ ത്രില്ലർ ആണെങ്കിൽ ‘ഉൾക്കടലി’നെ മലയാളത്തിലെ ആദ്യ ക്യാംപസ് സിനിമയായി വിശേഷിപ്പിക്കാം. ജനപ്രീതിയിലും നിലവാരത്തിലും മികച്ചുനിന്ന ക്രൈം ത്രില്ലറായിരുന്നു ‘യവനിക’ എങ്കിൽ, നടിയുടെ ആത്മഹത്യ പ്രമേയമാക്കി ഒരുക്കിയ ഡോക്യുഫിക്‌ഷൻ ശ്രേണിയിൽപെട്ട വ്യത്യസ്തസിനിമയായിരുന്നു ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്.’ 

സർറിയലിസ്റ്റിക് ക്ലൈമാക്സ്കൊണ്ട് ശ്രദ്ധേയമായ ‘ആദാമിന്റെ വാരിയെല്ല്,’ മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപസിനിമയായി കണക്കാക്കപ്പെടുന്ന ‘പ‍ഞ്ചവടിപ്പാലം,’ ശിഥില കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ‘ഇരകൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ആഖ്യാനത്തിലും പ്രമേയപരതയിലും മലയാളസിനിമയിൽ നവലോകം തുറന്നിടാൻ കെ.ജി.ജോർജിനു കഴിഞ്ഞു. 

ഇതൊക്കെയാണെങ്കിലും കലാമികവിൽ ആദ്യ മൂന്നു റാങ്ക് നേടുന്ന മലയാള സിനിമകൾ ഏതാണെന്ന ചോദ്യത്തിനു ജോർജ് മറുപടി പറയാറുള്ളത് ഇങ്ങനെ: 

‘‘ഒന്നാം റാങ്ക് അടൂർ ഗോപാലകൃഷ്‌ണന്റെ എലിപ്പത്തായം. മറ്റു റാങ്കുകൾ ആർക്കുമില്ല. നിർബന്ധമാണെങ്കിൽ രണ്ടാം റാങ്ക് എന്റെ ‘യവനിക’യ്‌ക്കു നൽകും. ഇനി റാങ്ക് ഒന്നിനുമില്ലേയില്ല.’’

English Summary : Write up about Kg George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT