ഇരകൾക്കൊപ്പമല്ല; പാർട്ടി പ്രതികൾക്കൊപ്പം
Mail This Article
തൃശൂർ∙ ‘സഹകരണ സംരക്ഷണം’ എന്നു പറയുന്നെങ്കിലും സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎമ്മിന്റെ കഠിനശ്രമം ആരോപണവിധേയരെ സംരക്ഷിക്കാൻ. ലക്ഷങ്ങൾ നഷ്ടപ്പെട്ട നിക്ഷേപകർ പാർട്ടിക്കു വിലയില്ലാത്തവരായി. ഇ.ഡി തുറന്ന വാതിലുകൾ, കോടികൾ തിരിച്ചുപിടിക്കാനുള്ള വഴി കൂടിയാവുമെന്നതിനാൽ, പണം നഷ്ടപ്പെട്ട നിക്ഷേപകർ ആശ്വാസത്തിലാണ്. എന്നാൽ, ഇതിനെതിരെയാണു സിപിഎം നിലപാട്. നിക്ഷേപം നഷ്ടപ്പെട്ടു പെരുവഴിയിലായ പാർട്ടി അംഗങ്ങളെ ഇതുവരെ നേതാക്കളെത്തി ആശ്വസിപ്പിച്ചിട്ടില്ല. പണം നഷ്ടപ്പെട്ട, പാർട്ടി അനുഭാവികളായ നിക്ഷേപകർ കൊടുത്ത കേസുകളിലൊക്കെ പാർട്ടിയും പാർട്ടി നയിക്കുന്ന ബാങ്കുകളും എതിർപക്ഷത്താണ്.
23നു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത് സഹകരണ മേഖലയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചാണ്. തൃശൂർ ജില്ലയിൽ മാത്രം ഒരാഴ്ചത്തെ സഹകരണ സംരക്ഷണ പരിപാടിയും തീരുമാനിച്ചു. ‘ബിജെപി– കോൺഗ്രസ് കൂട്ടുകെട്ട് സഹകരണ മേഖലയെ തകർക്കുന്നു’വെന്നായിരുന്നു യോഗത്തിൽ തീരുമാനിച്ച മുദ്രാവാക്യം. എന്നാൽ, സമരം പ്രഖ്യാപിച്ചിട്ടില്ല. സിപിഎം നേതാക്കളെല്ലാം ഇ.ഡിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങളുന്നയിക്കുന്ന തിരക്കിലാണ്. എ.സി. മൊയ്തീനിലേക്ക് ഇ.ഡി എത്തിയപ്പോൾ മുതൽ നേതാക്കളെ സംരക്ഷിക്കൽ എന്ന നിലപാട് ശക്തമാക്കുകയാണു പാർട്ടി ചെയ്തത്.
കരുവന്നൂരിൽ നിന്നു കൊണ്ടുപോയ 175 കോടി രൂപ ആർക്കെല്ലാം കിട്ടി എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. പണം എവിടെപ്പോയി എന്നു കണ്ടെത്തേണ്ടത് ഇരകളുടെ ആവശ്യമാണ്. കാരണം, അതു കണ്ടെത്തിയാൽ മാത്രമേ പിടിച്ചെടുത്തു ബാങ്കിനു മുതൽകൂട്ടാനാകൂ. ക്രൈംബ്രാഞ്ച് ഈ കാര്യം അന്വേഷിച്ചിട്ടേ ഇല്ലായിരുന്നു. ക്രൈംബ്രാഞ്ച് വിട്ടുകളഞ്ഞ ഭാഗമാണ് ഇ.ഡി കണ്ടെത്തിയത്.
ജില്ലാ കമ്മിറ്റിയിൽ ആദ്യമായി വിമർശനം
തൃശൂർ∙ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ആദ്യമായി കരുവന്നൂർ പ്രശ്നത്തിൽ അംഗങ്ങളുടെ വിമർശനം. എ.സി.മൊയ്തീന്റെ പേരു പറഞ്ഞില്ലെങ്കിലും പാർട്ടി നടപടി ശക്തമായിരുന്നില്ലെന്ന് അംഗങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ പങ്കെടുത്ത യോഗത്തിലാണു മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ കരുവന്നൂർ പ്രശ്നവും അംഗങ്ങൾ ഉന്നയിച്ചത്. കരുവന്നൂർ പ്രശ്നം അജൻഡയിൽ ഇല്ലായിരുന്നു. ഇതുവരെയുള്ള പാർട്ടി നടപടി ശക്തമായിരുന്നില്ലെന്നു സൂചിപ്പിച്ച അംഗങ്ങൾ ഇപ്പോഴും അതേ അവസ്ഥയാണെന്നു ചൂണ്ടിക്കാട്ടി. എ.സി.മൊയ്തീന്റെ പേരു പറഞ്ഞില്ലെങ്കിലും നടപടിയിൽ വലിയവരെ ഒഴിവാക്കിയെന്ന സൂചന വ്യക്തമായിരുന്നു. പാർട്ടി നടത്തിയ അന്വേഷണത്തിൽ സാധാരണ പ്രവർത്തകർ മാത്രം കുറ്റക്കാരായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. വിമർശനത്തിനു ജില്ലാ കമ്മിറ്റിയിൽ നിന്നോ സംസ്ഥാന കമ്മിറ്റിയിൽ നിന്നോ ആരും വിശദീകരണം നൽകിയില്ല.
ചാനൽ ചർച്ചയ്ക്ക് സിപിഎമ്മില്ല
തിരുവനന്തപുരം∙ കരുവന്നൂർ സംബന്ധിച്ച ഏതാനും ദിവസങ്ങളായി ചാനലുകളിൽ നടക്കുന്ന ചർച്ചകളിലേക്കു സിപിഎം പ്രതിനിധികളെ അയയ്ക്കുന്നില്ല. അരവിന്ദാക്ഷന്റെ അറസ്റ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തുവന്നെങ്കിലും ചാനലുകളിൽ ന്യായീകരണത്തിന് ആളെ വിടാൻ സിപിഎം തയാറായില്ല.
English Summary : Party along with the accused not with victims