‘കറുത്ത വറ്റുണ്ടെന്നുവച്ച് ചോറു മുഴുവൻ മോശമല്ല’: സഹകരണ മേഖലയിലെ ക്രമക്കേടിനെക്കുറിച്ച് മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ വലിയ പാത്രത്തിലെ ചോറിൽ കറുത്ത വറ്റുണ്ടെങ്കിൽ ചോറു മുഴുവൻ മോശമാണെന്നു പറയാനാകില്ലെന്നും കറുത്ത വറ്റെടുത്തു കളയുകയാണു വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖലയുടെ കാര്യവും ഇങ്ങനെയാണെന്ന് കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചു വാർത്താ സമ്മേളനത്തിലെ ചോദ്യത്തിനു മുഖ്യമന്ത്രിയുടെ മറുപടി.
വഴിവിട്ടു പ്രവർത്തിച്ചവർക്കെതിരെ നടപടി വേണം. എന്നാൽ കേരളത്തിലെ സഹകരണ ബാങ്കുകളാകെ മോശമാണെന്നു ചിത്രീകരിക്കരുത്. 98.5 ശതമാനവും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നു. ക്രമക്കേട് കണ്ടെത്തിയ ബാങ്കുകൾ 1.5 ശതമാനത്തിൽ താഴെയാണ്.
കരുവന്നൂർ ബാങ്കിന്റെ പേരു പറഞ്ഞു രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണു കേന്ദ്ര ഏജൻസികൾ നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ടാണു നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി നടക്കുമ്പോൾ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി ഇടപെട്ടു ഫയലുകളും രേഖകളും പിടിച്ചെടുക്കുകയായിരുന്നു. അവരുടെ ഉദ്ദേശ്യം സഫലമാകില്ല.– മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ‘കേരളീയം’ ബഹിഷ്കരിച്ചത് ദൗർഭാഗ്യകരം: മുഖ്യമന്ത്രി
തിരുവനന്തപുരം∙ കേരളീയം പരിപാടിയും മണ്ഡലങ്ങളിൽ നവകേരള സദസ്സും പ്രതിപക്ഷം ബഹിഷ്കരിച്ചതു ദൗർഭാഗ്യകരമാണെന്നും അവർ ആലോചിച്ചു തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ എല്ലാ പ്രൗഡിയോടെയും അവതരിപ്പിക്കുന്ന കേരളീയം പരിപാടി ബഹിഷ്കരിക്കുന്നത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. കേരളത്തിന്റെ സ്വന്തം പരിപാടിയാണ്. കഴിഞ്ഞ രണ്ടരവർഷം സംസ്ഥാനത്ത് എന്തെല്ലാം നടന്നെന്നും ഇനി എന്തൊക്കെ വേണമെന്നും മണ്ഡലതലത്തിൽ ചർച്ച ചെയ്യുന്ന പരിപാടിയാണു നവകേരള സദസ്സ്. നാട്ടുകാരുടെ ഇടയിലേക്കു ചെല്ലുമ്പോൾ അവർ പറയുന്നതു കേൾക്കാൻ ഞങ്ങൾ തയാറാണ്. പ്രതിപക്ഷം ബഹിഷ്കരിക്കുന്നത് എന്തിനാണ്? യുഡിഎഫിന്റെ 41 മണ്ഡലങ്ങളിലും പരിപാടിക്ക് എംഎൽഎമാർ നേതൃത്വം കൊടുക്കണമെന്നും സർക്കാരിനു വിഭാഗീയ ചിന്തയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തിനെയും ധൂർത്ത് എന്നു പറഞ്ഞ് ആക്ഷേപിക്കുന്നതു ശരിയല്ല. നവകേരള സദസ്സ് സർക്കാർ പരിപാടിയായാണു നടത്തുന്നതെങ്കിലും സ്പോൺസർഷിപ് വന്നാൽ സ്വീകരിക്കും. താനും മന്ത്രിമാരും യാത്ര ചെയ്യുന്നതു കെഎസ്ആർടിസി ബസിലാണോ എന്നതു തീരുമാനിച്ചിട്ടില്ലെന്നും എന്തായാലും ബസിൽ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Kerala CM Pinarayi Vijayan's Press Meet - Live Updates