2018: ഇന്ത്യയുടെ ഓസ്കർ എൻട്രി

Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ മലയാളം സിനിമ ‘2018’ ഓസ്കർ വിദേശഭാഷാവിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ 16 അംഗ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സമിതിയാണു സിനിമ തിരഞ്ഞെടുത്തത്.
രാജ്യത്തെ വിവിധ ഭാഷകളിൽനിന്നുള്ള 22 സിനിമകളാണ് ഓസ്കർ എൻട്രിക്കുവേണ്ടിയുള്ള മത്സരത്തിലുണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന സിനിമയുടെ ആശയമാണു ‘2018’ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്നു ഗിരീഷ് കാസറവള്ളി പറഞ്ഞു.
ബോക്സ് ഓഫിസിൽ വൻവിജയം നേടിയ സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, അപർണ ബാലമുരളി തുടങ്ങിയവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്റോ ജോസഫ്, വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണു നിർമിച്ചത്.
ഗുരു (1997),‘ആദാമിന്റെ മകൻ അബു’ (2011), ‘ജല്ലിക്കെട്ട്’ (2020) എന്നിവയാണു മുൻപു ഓസ്കറിൽ ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളസിനിമകൾ.
∙ ‘സ്വപ്നംപോലും കാണാത്ത നേട്ടമാണ് ഓസ്കർപ്രവേശം. മലയാളിയുടെ കൂട്ടായ്മയുടെയും ചങ്കൂറ്റത്തിന്റെയും കഥ പറഞ്ഞ സിനിമയുടെ നേട്ടം , എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.’ – ജൂഡ് ആന്തണി ജോസഫ്, സംവിധായകൻ
English Summary: Malayalam movie 2018 India's official Oscar entry