ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ കോൺഗ്രസിന്റെ ഉന്നതാധികാര ഘടകമായ രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിക്കുന്നു. ഒപ്പം, കെപിസിസി ഭാരവാഹിനിരയിലും ചില മാറ്റങ്ങൾ പരിഗണനയിലാണ്. 2016ൽ വി.എം.സുധീരൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് എഐസിസി ഇടപെട്ട് കേരളത്തിൽ 21 അംഗ രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാക്കളുടെ ഫോറമായാണ് ഇതിനെ പരിഗണിക്കുന്നത്. 

കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി പി.ടി.തോമസും ടി.സിദ്ദിഖും നിയമിതരായപ്പോൾ അവരെക്കൂടി ഉൾപ്പെടുത്തി അംഗബലം 23 ആക്കി. സമിതി അംഗങ്ങളിൽ ഉമ്മൻ ചാണ്ടി, പി.ടി.തോമസ്, എം.ഐ.ഷാനവാസ് എന്നിവർ അന്തരിച്ചു. കെ.വി.തോമസ്, പി.സി.ചാക്കോ എന്നിവർ പാർട്ടി വിട്ടു. ഈ 5 ഒഴിവുകൾക്കു പുറമേ ഏഴുപേരെക്കൂടി ഉൾപ്പെടുത്തി അംഗബലം 30 ആക്കാനാണ് ആലോചന. വി.എം.സുധീരൻ സമിതി അംഗത്വം രാജിവച്ച് എഐസിസിക്ക് കത്തു നൽകിയെങ്കിലും അത് അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ല. യോഗങ്ങളിൽ പങ്കെടുക്കാത്ത സുധീരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും കാര്യം ഹൈക്കമാൻഡിനു വിടും. 

ശശി തരൂർ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, എം.കെ.രാഘവൻ, അടൂർ പ്രകാശ്, റോജി എം.ജോൺ, ജോസഫ് വാഴയ്ക്കൻ, സണ്ണി ജോസഫ്, പന്തളം സുധാകരൻ, വി.എസ്.ശിവകുമാർ, ഇ.എം.ആഗസ്തി, എ.പി.അനിൽകുമാർ, ശൂരനാട് രാജശേഖരൻ, അജയ് തറയിൽ, പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുള്ളത്. 

കെപിസിസി ഭാരവാഹിനിരയിൽ പി.ടി.തോമസിന്റെ ഒഴിവിൽ കെ.സി.ജോസഫ് വർക്കിങ് പ്രസിഡന്റായേക്കും. പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവായതോടെ കൊടിക്കുന്നിൽ സുരേഷ് വർക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറിയാൽ പന്തളത്തെയോ എ.പി.അനിൽ കുമാറിനെയോ പരിഗണിക്കും. ജി.പ്രതാപവർമ തമ്പാൻ അന്തരിച്ച ഒഴിവിൽ എം.ലിജു കെപിസിസി ജനറൽ സെക്രട്ടറിയാകും. വി.പ്രതാപചന്ദ്രനു പകരം മാത്യു കുഴൽനാടനെ ട്രഷററാക്കാൻ നേരത്തേ ധാരണയായിട്ടുണ്ട്. കെപിസിസി ഭാരവാഹിപ്പട്ടിക വിപുലീകരിക്കാൻ ആലോചനയുണ്ടെങ്കിലും ലോക്സഭാ തിര‍ഞ്ഞെടുപ്പിനു മുൻപ് വേണോ എന്നതിൽ തീരുമാനമായിട്ടില്ല. 

English Summary : Congress reshuffle updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com