ഫുട്ബോൾ താരം ടൈറ്റസ് കുര്യൻ അന്തരിച്ചു

Mail This Article
കൊല്ലം ∙ 1973ലെ സന്തോഷ് ട്രോഫി ടീം അംഗവും ദീർഘകാലം കെഎസ്ആർടിസി ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്ന കണ്ടത്തിൽ ടൈറ്റസ് കുര്യൻ (70) അന്തരിച്ചു. സംസ്കാരം പിന്നീട്. ഫുട്ബോൾ മൈതാനത്ത് കാണികളുടെ പ്രിയതാരമായിരുന്ന ടൈറ്റസ് കുര്യൻ 1972 മുതൽ 1984 വരെ കെ എസ്ആർടിസിക്കു വേണ്ടി കളിച്ചു.
കൊല്ലം വടക്കുംഭാഗം കണ്ടത്തിൽ തോമസ് ആന്റണിയുടെയും ഫിലോമിനയുടെയും മകനായി 1953ൽ ജനിച്ചു. പിതാവ് അലിൻഡ് ക്ലബ്ബിലെ ആദ്യകാല ഫുട്ബോൾ താരമായിരുന്നു. പതിനെട്ടാം വയസ്സിൽ കേരള സീനിയർ ടീമിൽ കളിച്ചു. 1971ൽ കൊല്ലത്തു നടന്ന പെന്റാംഗുലർ ഫുട്‌ബോൾ ടൂർണമെന്റിൽ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞപ്പോൾ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു. 1970, 71, 72 വർഷങ്ങളിൽ കേരള ജൂനിയർ ടീമിനുവേണ്ടി ബൂട്ടണിഞ്ഞു. 1976 വരെ സീനിയർ ടീമിൽ അംഗമായിരുന്നു.
1972ൽ കെഎസ്ആർടിസിയിൽ മെക്കാനിക്കായി ചേർന്നു. ഏഴുവർഷം കെഎസ്ആർടിസി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1984 വരെ ട്രാൻസ്പോർട്ട് ടീമിൽ കളിച്ചു.
കേരളം ആദ്യമായി ജേതാക്കളായ 1973ലെ സന്തോഷ് ട്രോഫി ടീമിൽ അംഗമായിരുന്നു. ടൈറ്റസ് കുര്യന്റെ ബനാന കിക്കുകൾ പ്രശസ്തമായിരുന്നു. 1984ൽ കളിക്കളത്തിൽനിന്നു വിടവാങ്ങി. പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: വിമൽ കുര്യൻ (കുവൈത്ത്), വിനി ബർത്തോൾ (ക്രിസ്തുരാജ് സ്കൂൾ കൊല്ലം). മരുമക്കൾ റിഞ്ജു, ബെർത്തോൾ (ദുബായ്).
English Summary : Football player Titus Kurian passed away