ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയടക്കം മുതിർന്ന നേതാക്കളെ എൽഡിഎഫ് കളത്തിലിറക്കുമെന്നു സൂചന. വിജയസാധ്യത മാത്രമാകും സ്ഥാനാർഥിനിർണയ മാനദണ്ഡം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ (പാലക്കാട്), കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക് (എറണാകുളം), എളമരം കരീം (കോഴിക്കോട്), മന്ത്രി കെ.രാധാകൃഷ്ണൻ (ആലത്തൂർ), പി.കെ.ശ്രീമതി, കെ.കെ.ശൈലജ (കണ്ണൂർ, കാസർകോട്), കെ.ടി.ജലീൽ (പൊന്നാനി) തുടങ്ങിയവർക്കാണു സാധ്യത. 

എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ ആലപ്പുഴയിലും കോട്ടയത്തും നിലവിലെ എംപിമാരായ എ.എം.ആരിഫിനും തോമസ് ചാഴികാടനും തന്നെയാണു സാധ്യത. കഴിഞ്ഞ തവണ യുഡിഎഫ് ടിക്കറ്റിൽ ജയിച്ച ചാഴികാടൻ കേരള കോൺഗ്രസ്(എം) മുന്നണി മാറിയതോടെ എൽഡിഎഫ് സ്ഥാനാർഥിയാകുന്നു എന്ന പ്രത്യേകതയുണ്ട്. 

ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി, രാജ്യസഭാംഗം എ.എ.റഹിം എന്നിവരുടെ പേരുകളാണുയരുന്നത്. കൊല്ലത്ത് എം.മുകേഷ് എംഎൽഎ, ചിന്ത ജെറോം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, മുൻ എംഎൽഎ പി.അയിഷ പോറ്റി എന്നിവരുടെ പേരുകൾ പ്രചരിക്കുന്നു. 

എറണാകുളത്തിനു പുറമേ പത്തനംതിട്ടയിലും തോമസ് ഐസക്കിന്റെ പേര് കേൾക്കുന്നുണ്ടെങ്കിലും മുൻ എംഎൽഎ രാജു ഏബ്രഹാമിനാണു സാധ്യത കൂടുതൽ. എറണാകുളത്ത് മേയർ എം.അനിൽകുമാറിന്റെ പേരും ചർച്ചകളിലുണ്ട്. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജിന്റെ പേരാണു വീണ്ടും ഉയരുന്നത്. 

ചാലക്കുടിയിൽ മുൻമന്ത്രി സി.രവീന്ദ്രനാഥ്, യുവനേതാവ് ജെയ്ക് സി.തോമസ്, മുൻ എംഎൽഎ ബി.ഡി.ദേവസി എന്നിവർ പരിഗണനയിലുണ്ട്. ആലത്തൂരിൽ കെ.രാധാകൃഷ്ണൻ ഇല്ലെങ്കിൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി.കെ.വാസുവിനെ പരീക്ഷിച്ചേക്കാം. എ.വിജയരാഘവനെ കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ പേരും പാലക്കാട്ട് ഉയരുന്നു. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പേരും കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ പ്രചരിക്കുന്നു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനെയും ആ സീറ്റിലേക്കു പരിഗണിച്ചേക്കും. മലപ്പുറത്ത് എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി.പി.സാനു വീണ്ടും മത്സരിക്കാനാണു സാധ്യത. 

സിപിഐയുടെ 4 സീറ്റുകളിൽപെട്ട തിരുവനന്തപുരത്ത് സ്ഥാനാർഥിക്കായുള്ള തിരച്ചിലിലാണ് പാർട്ടി. ശശി തരൂരിനെതിരെ നല്ല മത്സരം കാഴ്ചവയ്ക്കാനാകുന്ന പൊതുസ്വീകാര്യനെ പാർട്ടിചിഹ്നത്തിൽ രംഗത്തിറക്കാനാണു ചിന്ത. മാവേലിക്കരയിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എഐവൈഎഫ് നേതാവ് സി.എ.അരുൺകുമാർ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. തൃശൂരിൽ മുൻമന്ത്രി വി.എസ്.സുനിൽകുമാറാണ് പ്രഥമ പരിഗണനയിൽ. വയനാട്ടിൽ യുവനേതാക്കളെ പരീക്ഷിക്കണമെന്ന അഭിപ്രായമാണു ശക്തം. 

English Summary : LDF to compete senior leaders including minister in lok sabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com