വടകര മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു

Mail This Article
കോഴിക്കോട് ∙ മുൻ എംഎൽഎയും സോഷ്യലിസ്റ്റ് നേതാവും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ വടകര ചോമ്പാൽ കുന്നമ്പത്ത് എം.കെ.പ്രേംനാഥ് (73) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 2006 മുതൽ 2011 വരെ വടകര എംഎൽഎയായിരുന്നു. സംസ്കാരം നടത്തി.
സോഷ്യലിസ്റ്റ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്കു കടന്ന പ്രേംനാഥ് 1973ൽ സ്വതന്ത്ര വിദ്യാ സംഘടന (ഐഎസ്ഒ) സംസ്ഥാന പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത് അറസ്റ്റിലായി. യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ്, ജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ ദേശീയ കമ്മിറ്റിയംഗം, കെഎസ്‌ആർടിസി എംപ്ലോയീസ് യൂണിയൻ (എച്ച്‌എംഎസ്) സംസ്‌ഥാന പ്രസിഡന്റ്, എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.
അഭിഭാഷകനായും സഹകരണമേഖലയിലും പ്രവർത്തിച്ചു. പ്രേംനാഥ് രചിച്ച ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന ചരിത്രപുസ്തകം ജൂണിലാണു പ്രകാശനം ചെയ്തത്. ഭാര്യ: പരേതയായ ടി.സി.പ്രഭ. മകൾ: ഡോ.പ്രിയ പ്രേംനാഥ്. മരുമകൻ: കിരൺ കൃഷ്ണ.
English Summary: MK Premnath passes away