ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; മൃതദേഹത്തിൽ മുറിവുകൾ

Mail This Article
ന്യൂഡൽഹി ∙ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്.
ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴം രാത്രി ഒൻപതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്.
പഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. സംസ്കാരം പിന്നീടു ഡൽഹിയിൽ നടക്കും. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ (കോളജ് വിദ്യാർഥി).
English Summary : Thiruvalla native businessman found dead in the park in Delhi