‘കോടിയേരിത്തം’ നഷ്ടമായ ഒരാണ്ട്; ആ അസാന്നിധ്യം സിപിഎമ്മും എൽഡിഎഫും അനുഭവിച്ചറിഞ്ഞ നാളുകൾ
Mail This Article
തിരുവനന്തപുരം∙ ഇടതുമുന്നണിയുടെ മുഖപ്രസാദം മാഞ്ഞിട്ട് ഒരാണ്ട്. സിപിഎമ്മും എൽഡിഎഫും കോടിയേരി ബാലകൃഷ്ണന്റെ വിയോഗവും അസാന്നിധ്യവും അനുഭവിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. പിണറായി വിജയൻ– കോടിയേരി ബാലകൃഷ്ണൻ എന്നീ ഇരട്ട എൻജിനുകളിലായിരുന്നു സിപിഎമ്മും സർക്കാരും നീങ്ങിയിരുന്നത്. ഏതു പ്രതിസന്ധിക്കും പരിഹാര നിർദേശം കോടിയേരിക്കുണ്ടായിരുന്നു. സംഘർഷാത്മകമായിരുന്നില്ല ശൈലി. ആ ‘കോടിയേരിത്ത’ത്തിലൂടെ പിരിമുറുക്കങ്ങളയഞ്ഞു.
ഏതു സമയത്തും ആർക്കും കോടിയേരിയെ ബന്ധപ്പെടാമായിരുന്നു. മുൻവിധിയില്ലാതെ ആരെയും കേൾക്കാൻ സന്നദ്ധനുമായിരുന്നു. എൽഡിഎഫിൽ തർക്കങ്ങൾ മൂക്കുമ്പോൾ, ‘അത് അവിടെ നിൽക്കട്ടെ, മാറ്റിവയ്ക്കാം’ എന്നാകുമായിരുന്നു മറുപടി. എതിർക്കുന്നവരെ കൗശലത്തോടെയും നയതന്ത്രത്തിലൂടെയും സിപിഎം നിലപാടിലേക്ക് എത്തിക്കാനുള്ള വൈഭവം കോടിയേരിക്കുണ്ടായിരുന്നു. എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനും അദ്ദേഹത്തിൽനിന്ന് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന ബോധ്യം പാർട്ടിക്കുമുണ്ടായിരുന്നു.
വിഎസ് പക്ഷത്തെ തകർത്ത പടയോട്ടം പിണറായിക്കൊപ്പം തോളോടുതോൾ ചേർന്നു നയിച്ച കോടിയേരി പിന്നീട് സിപിഎമ്മിൽ ഐക്യത്തിന്റെ സന്ദേശവാഹകനായി. വിഭാഗീയതയുടെ ഇരുണ്ട നാളുകളിൽനിന്ന് ഐക്യത്തിന്റെ ആശ്വാസദിനങ്ങളിലേക്കു സിപിഎമ്മിനെ നയിച്ച സെക്രട്ടറിയായിരുന്നു കോടിയേരി.
വിഎസ് സർക്കാരിന്റെ കാലത്ത് പൊലീസിനു ജനകീയ മുഖം നൽകിയ ആഭ്യന്തര മന്ത്രിയായി പേരെടുത്തു. പ്രതിപക്ഷ ഉപനേതാവായും മന്ത്രിയായുമായിരുന്ന കാലത്തെ നിയമസഭാ പ്രകടനങ്ങളിലൂടെ മികച്ച പാർലമെന്റേറിയന്മാരുടെ പട്ടികയിൽ ഇടംനേടി. വാർത്താ സമ്മേളനങ്ങളെ ഇത്രയും നയതന്ത്രത്തോടെ കൈകാര്യം ചെയ്ത രാഷ്ട്രീയ നേതാക്കൾ വിരളമാണ്. ആലപ്പുഴ സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് വി.എസ്.അച്യുതാനന്ദൻ ഇറങ്ങിപ്പോയപ്പോഴോ പാർട്ടിക്ക് മാനക്കേട് വരുത്തിയ കേസിൽ മകൻ പെട്ടപ്പോഴോ പോലും അദ്ദേഹത്തിനു പിഴച്ചില്ല. കത്തിക്കാളുന്ന വിവാദങ്ങളെ നിർവീര്യമാക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ടു. സിപിഎമ്മിന്റെ ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്തത് കോടിയേരിയെയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടായപ്പോഴാണു പാർട്ടിയുടെ അമരത്തു നിന്നു മാറിയത്.
English Summary : First anniversary of Kodiyeri Balakrishnan's death