ADVERTISEMENT

തിരുവനന്തപുരം∙ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (കെടിഡിഎഫ്സി) നഷ്ടക്കണക്ക് വിവരിച്ചും ഉത്തരവാദിത്തം പരസ്പരം ആരോപിച്ചും കെടിഡിഎഫ്സി ചെയർമാനും കെഎസ്ആർടിസി സിഎംഡിയും തമ്മിൽ പോര്. നിക്ഷേപകർക്കു പണം തിരിച്ചുകൊടുക്കാൻ പോലുമാകാത്ത രീതിയിൽ കെടിഡിഎഫ്സിയെ കടക്കെണിയിലാക്കിയത് കെഎസ്ആർടിസിയാണെന്നു കഴിഞ്ഞദിവസം കെടിഡിഎഫ്സി ചെയർമാൻ ബി.അശോക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. കെടിഡിഎഫ്സിയുടെ കടത്തിന് കെഎസ്ആർടിസി ജീവനക്കാരോ മാനേജ്മെന്റോ ഉത്തരവാദികളെല്ലെന്നും ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി ഇൗ പണം തിരിച്ചടയ്ക്കണമെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ലെന്നുമാണ് സിഎംഡി ബിജു പ്രഭാകറിന്റെ മറുപടി.  

റിസർവ് ബാങ്ക് നിർദേശപ്രകാരം സംസ്ഥാന സർക്കാർ ഗാരന്റി നൽകിയതിനാൽ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നറിയിച്ച പത്രക്കുറിപ്പിലാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം കെഎസ്ആർടിസി വായ്പ തിരിച്ചടയ്ക്കാത്തതാണെന്നു കെടിഡിഎഫ്സി സിഎംഡി ബി.അശോക് ആരോപിച്ചത്. 2018ൽ കെഎസ്ആർടിസി വായ്പയെടുത്ത 595 കോടി ഇപ്പോൾ പലിശ സഹിതം 912 കോടിയായി വർധിച്ചിട്ടുണ്ട്. 

ഭീമമായ പലിശയ്ക്ക് കെടിഡിഎഫ്സിയിൽ നിന്നു വായ്പയെടുക്കാൻ  കെഎസ്ആർടിസിയെ പ്രേരിപ്പിച്ച തീരുമാനത്തെ ബിജു പ്രഭാകർ കുറ്റപ്പെടുത്തി.  

പോരിൽ  പുറത്തുവന്നത് കള്ളക്കളികളും 

കോഴിക്കോട് കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനെതിരെ ഗുരുതരമായ വിമർശനം ബിജു പ്രഭാകർ ഉന്നയിച്ചു. കോഴിക്കോട്ടു നിർമിച്ച കെട്ടിടത്തിൽ രണ്ട് തൂണിന്റെ ഇടയിൽ ബസ് ഇട്ടാൽ യാത്രക്കാർക്കോ, കണ്ടക്ടർക്കോ ബസിൽ കയറാൻ ആകില്ല. വെയിറ്റിങ് ഏരിയയിൽ ഇരിക്കുന്നവർക്ക് ബസിന്റെ ബോർഡ് കാണണമെങ്കിൽ ഓരോ ബസ് വരുമ്പോഴും എഴുന്നേറ്റു പോയി നോക്കണം. കെട്ടിടങ്ങളെല്ലാം എല്ലാം ഇരുട്ടു കയറി കസ്റ്റമേഴ്സ് വരരുത് എന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് ഈ കെട്ടിടത്തിനു മാർക്കറ്റ് അടിസ്ഥാനത്തിലുള്ള വാടക പോലും ലഭിക്കാതെ നഷ്ടത്തിൽ പ്രവർത്തിക്കുന്നതെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തുന്നു.

English Summary:

KTDFC-KSRTC Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com