ശമ്പള പരിഷ്കരണ കുടിശിക: രണ്ടാം ഗഡുവും പിഎഫിൽ ലയിപ്പിക്കുന്നത് നീട്ടി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ടാം ഗഡുവും പ്രോവിഡന്റ് ഫണ്ടിൽ (പിഎഫ്) ലയിപ്പിക്കുന്നത് അനിശ്ചിത കാലത്തേക്കു സർക്കാർ നീട്ടി. നേരത്തേ ഒന്നാം ഗഡുവും ഇതുപോലെ നീട്ടിയിരുന്നു.
രണ്ടാം ഗഡു ഈ മാസം ഒന്നിന് പിഎഫിൽ ലയിപ്പിക്കും എന്നാണു സർക്കാർ ഉറപ്പു നൽകിയിരുന്നത്. ഇതു മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കാത്തതിനാൽ കുടിശികയുടെ രണ്ടാം ഗഡു പിഎഫിൽ ലയിപ്പിക്കണോ വേണ്ടയോ എന്നറിയാതെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായിരുന്നു. ഇക്കാര്യം ‘മനോരമ’ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് രണ്ടാം ഗഡു ലയിപ്പിക്കുന്നത് നീട്ടി ഉത്തരവിറക്കിയത്.
മൂന്നാം ഗഡു അടുത്ത ഏപ്രിൽ 1, ഒക്ടോബർ 1 എന്നീ ദിവസങ്ങളിൽ ലയിപ്പിക്കും എന്നായിരുന്നു മുൻ ഉത്തരവ്. അതും നീട്ടി വയ്ക്കാനാണു സാധ്യത. ശമ്പള പരിഷ്കരണ കുടിശിക പൂർണമായി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണു ജീവനക്കാർ.