ADVERTISEMENT

കോഴിക്കോട് ∙ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നില്ലെന്നു മോട്ടർ വാഹന വകുപ്പ്. ദിവസവും ശരാശരി നൂറോളം ക്യാമറകളാണു പല സമയങ്ങളിലായി പല സാങ്കേതിക കാരണങ്ങളാൽ പണിമുടക്കുന്നത്. ക്യാമറ പ്രവർത്തിക്കാത്ത സമയത്തിനു നഷ്ടപരിഹാരം കെൽട്രോണിൽനിന്ന് ഈടാക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെങ്കിലും ഈ തുക തീരെ ചെറുതായതിനാൽ ഉയർത്തണമെന്നു മോട്ടർ വാഹന വകുപ്പ് സർക്കാരിനു ശുപാർശ സമർപ്പിച്ചു. 

പകലും രാത്രിയും പ്രവർത്തിക്കുന്ന ക്യാമറകളാണു ഘടിപ്പിച്ചതെങ്കിലും പല ക്യാമറകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നില്ല. ക്യാമറ പ്രവർത്തിക്കാത്ത നേരത്തെ ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതിനാൽ പിഴ ഇനത്തിൽ‌ മോട്ടർ വാഹന വകുപ്പിനു വൻ തുക നഷ്ടപ്പെടുന്നുണ്ട്. 

780 ക്യാമറകൾ സ്ഥാപിക്കാനാണു തീരുമാനിച്ചതെങ്കിലും 726 ക്യാമറകളാണു വച്ചത്. റോഡ് വികസനം നടക്കുന്നതുമൂലം 40 ക്യാമറകൾ സ്ഥാപിക്കാനായില്ല. 12 ക്യാമറകൾ റോഡ് അപകടങ്ങളിൽ തകർന്നു. ഒരു ക്യാമറയുടെ കണക്‌ഷൻ നാട്ടുകാർ വിച്ഛേദിക്കുകയും മറ്റൊന്നിന്റെ ബാറ്ററി മോഷണം പോവുകയും ചെയ്തു.

ജൂണിലാണ് എഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തിപ്പിച്ചു തുടങ്ങിയത്. 102 കോടി രൂപയുടെ നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും ഇതുവരെ 14 കോടി രൂപയേ പിഴ അടച്ചിട്ടുള്ളൂ. ക്യാമറകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കാൻ മാത്രം മാസം ഒരു കോടി രൂപ കെൽട്രോണിനു ചെലവു വരുന്നുണ്ട്. നോട്ടിസ് ലഭിച്ചാലും പലരും പിഴ അടയ്ക്കാൻ തയാറാകുന്നില്ല. ചിലർക്കു സാങ്കേതിക പ്രശ്നങ്ങൾ മൂലം പിഴ അടയ്ക്കാൻ കഴിയാറില്ല. പിഴ വിവരം ഉടമകൾ അറിയാത്തതും പ്രശ്നമാകുന്നുണ്ട്.

English Summary:

Road cameras not working frequently

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com