ADVERTISEMENT

തിരുവനന്തപുരം ∙ ഒറ്റരാത്രി മുഴുവൻ പെയ്ത കനത്ത മഴയോടെ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും ഇന്നലെ ‘മിന്നൽപ്രളയ’ ഭീതിയിലായി. ജില്ലയിലെ 6 താലൂക്കുകളിൽ മൂന്നിലും (ചിറയിൻകീഴ്, തിരുവനന്തപുരം, വർക്കല) മഴ നാശം വിതച്ചു. 21 ദുരിതാശ്വാസ ക്യാംപുകളിലായി തൊള്ളായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ പകൽ മഴ ശമിച്ചതോടെ പലയിടത്തും വെള്ളം കുറഞ്ഞു. 

രക്ഷാകരം: കഴക്കൂട്ടം ടെക്‌നോപാർക്കിനു സമീപം മുള്ളുവിളയിൽ വെള്ളംകയറിയ വീടുകളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുന്നു.
രക്ഷാകരം: കഴക്കൂട്ടം ടെക്‌നോപാർക്കിനു സമീപം മുള്ളുവിളയിൽ വെള്ളംകയറിയ വീടുകളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുന്നു.

ശനിയാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ റെഡ് അലർട്ടിലെന്നപോലെ പെയ്ത മഴയിൽ ഒട്ടേറെ വീടുകളും ടെക്നോപാർക്കിലടക്കം ഓഫിസ് കെട്ടിടങ്ങളും വെള്ളക്കെട്ടിലായി. ഗൃഹോപകരണങ്ങൾക്കും നൂറുകണക്കിനു വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. നഗരത്തിലെ ഇടറോഡുകൾ സ്തംഭിച്ചു. പലയിടങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ പിറ്റ്‌ലൈനിൽ വെള്ളം കയറിയതിനാൽ ‍ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് മണിക്കൂറുകൾ വൈകി. 2018, 2019 വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ പ്രളയങ്ങൾ ബാധിക്കാതിരുന്ന തലസ്ഥാന ജില്ലയിലെ പ്രദേശങ്ങൾ പോലും ഇന്നലെ വെള്ളക്കെട്ടിന്റെ ഭീതിയിലാഴ്ന്നു. അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും ശനിയാഴ്ച അർധരാത്രി ആരംഭിച്ച രക്ഷാപ്രവർത്തനം ഇന്നലെ വൈകിയും തുടർന്നു. 

∙ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് അവധി. 

∙ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയുടെ ഒപി വിഭാഗവും മോർച്ചറിയും ഉൾപ്പെടുന്ന താഴത്തെ നില വെള്ളത്തിൽ; 4 മൃതദേഹങ്ങൾ മോർച്ചറിയിൽനിന്നു മാറ്റി. ബ്ലഡ് ബാങ്കിലും ഫാർമസിയിലെ ഓക്സിജൻ പ്ലാന്റിലും വരെ വെള്ളം കയറി. 

∙ തിരുവനന്തപുരം നഗരത്തിൽ പട്ടം, ഉള്ളൂർ, കേശവദാസപുരം, ആനയറ, കണ്ണമ്മൂല, പുത്തൻപാലം, ഗൗരീശപട്ടം, പാറ്റൂർ, ചെറുവയ്ക്കൽ, ഇടപ്പഴഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലും നഗരത്തിനു പുറത്ത് വെള്ളായണി, കഴക്കൂട്ടം, അഞ്ചുതെങ്ങ്, പോത്തൻകോട് മേഖലകളിലും വെള്ളക്കെട്ട്. 

∙ കഴക്കൂട്ടം ടെക്നോപാർക്ക് ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിൽ. ടെക്നോപാർക്ക് ഫെയ്സ് ത്രീക്കു സമീപം തെറ്റിയാർ കരകവിഞ്ഞു. ടെക്നോപാർക്കിന്റെ പ്രധാന കവാടത്തിലേക്കുള്ള പാത വെള്ളത്തിൽ; ഗതാഗതം തടസ്സപ്പെട്ടു. 

∙ തെറ്റിയാറിൽനിന്നു കഴക്കൂട്ടം സബ്സ്റ്റേഷനിലേക്കു വെള്ളം കയറി. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, ടെക്നോപാർക്ക് പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടു. നഗരത്തിൽ പേട്ട, കഴക്കൂട്ടം, കേശവദാസപുരം, ഉള്ളൂർ തുടങ്ങിയ സെക്‌ഷനുകളുടെ പരിധിയിലെ പതിനാറിലേറെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. 

∙ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിട്ടു. 

∙ വെള്ളക്കെട്ടിനൊപ്പം പലയിടത്തും മണ്ണിടിച്ചിലും. 

∙ കേന്ദ്ര ജല കമ്മിഷൻ കരമനയാറിൽ ഓറഞ്ച് അലർട്ടും നെയ്യാറിലും വാമനപുരം നദിയിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. 

∙ ജില്ലയിൽ ഖനന പ്രവർത്തനങ്ങളും ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി: ഇന്ന് ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം ∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കാലാവസ്ഥാ വകുപ്പ് ബാക്കി 10 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ടാണ്. 21 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണു പ്രവചനം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് ഇന്നു മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കി. 

English Summary:

Kerala Rain: Thiruvananthapuram Flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com